സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്.
എമ്പോളിസം ( embolism) കൊണ്ടും സ്ട്രോക്കുണ്ടാവും. സ്ട്രോക്കിന്റെ ആഗോള ആജീവനാന്ത അപകടസാധ്യത ( lifetime stroke risk worldwide) നാലിലൊന്നായി നിൽക്കുന്നു.
രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെപ്രധാനം.
രക്താതിമർദം, ജീവിതശൈലീരോഗങ്ങൾ
രക്താതിമര്ദത്തിന്റെയോ അല്ലെങ്കില് മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
ആഗോളതലത്തില് നാല് മുതിര്ന്നവരില് ഒരാള്ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ഥിരമായ വൈകല്യത്തിന്റെ പ്രധാന കാരണം സ്ട്രോക്കാണ്.
പക്ഷാഘാതം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് അതിന്റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്. സ്ട്രോക്കിന്റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. മസ്തിഷ്കാഘാതം ആദ്യഘട്ടത്തിൽ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നു നോക്കാം.
ഇസ്ചമിക് / ത്രോംബോട്ടിക് സ്ട്രോക്ക്
തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്ന് അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു.
ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും എന്ന് നോക്കാം. അതിനു നമുക്ക് FAST എന്ന വാക്ക് ഓർത്തിരിക്കാം
F- Facial Deviation – സ്ട്രോക്ക് സംഭവിക്കുമ്പോൾ ആ വ്യക്തിയുടെ സംസാരത്തിനിടയിൽ തന്നെ ആ വ്യക്തിയുടെ മുഖത്തിന് വ്യതിയാനം സംഭവിക്കുന്നതായി കാണാം. ചുണ്ടുകൾക്ക് ഒരു വശത്തേക്ക് കോട്ടം സംഭവിക്കുന്നു.
A- Arms – സ്ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഒരാൾ കൈകൾ ഉയർത്തുമ്പോൾ, ബലഹീനത കാരണം ഒരു ഭുജം താഴുന്നതു കാണാം.
തലയുടെ ഏതു ഭാഗത്തെ രക്തക്കുഴലിനാണോ ബ്ലോക്ക് വന്നിരിക്കുന്നത് അതിന്റെ എതിർവശത്തെ കൈയിലേക്കോ കാലിലേക്കോ ആവും തളർച്ച വരുന്നത്.
S- Slurring of Speech – സംസാരിക്കുന്നതിനിടയിൽ നാക്ക് അല്ലെങ്കിൽ സംസാരം കുഴഞ്ഞു പോവുക.
T- Time – മസ്തിഷ്കാഘാത ലക്ഷണങ്ങൾ വളരെ പെട്ടെന്നാവും കാണപ്പെടുക. മേല്പറഞ്ഞവ മൂന്നും കണ്ടാൽ അത് സ്ട്രോക്ക് ആണെന്ന് നമുക്ക് സംശയിക്കാം.
ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാൽ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നാണ്.
കാരണം, ആദ്യത്തെ നാലര മണിക്കൂർ വളരെ നിർണായകമാണ്. സ്ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇൻജെക്ഷൻ എത്രയും വേഗം കൊടുക്കുന്നതു വഴി അത്രയും വേഗം രോഗമുക്തി സാധ്യമാക്കാം.
ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകാൻ ശ്രമിക്കേണ്ടതാണ്.
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]