രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
പാരന്പര്യ ഘടകങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
പ്രമേഹ ലക്ഷണങ്ങൾ
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ചമങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
കൃത്യസമയത്ത് ചികിത്സ
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക.
ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്
പ്രമേഹനിയന്ത്രണത്തിൽ മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്.
മുളപ്പിച്ച പയർ
* ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അച്ചാറുകൾ ഒഴിവാക്കാം
* മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം.
ഒന്നിൽ കൂടുതൽ ധാന്യങ്ങൾ
* ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
* തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. (തുടരും
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം
& നാഷണൽ ഹെൽത്ത് മിഷൻ )