പൂച്ചാക്കൽ: കൊറോണ രോഗവ്യാപനം തടയുന്നതിനായി സർക്കാർ വകുപ്പുകൾ വിശ്രമമില്ലാതെ ഓടുമ്പോൾ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസറെ ബന്ധപ്പെടാ നാകാ തെ ആരോഗ്യ വകുപ്പ്.
അടിയന്തര സാഹചര്യങ്ങളില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ വകുപ്പുകളുടെയും ജീവനക്കാരുടെയും യോജിച്ചുള്ള ഊര്‍ജിത പ്രവര്‍ത്തനം ആവശ്യമായ സാഹചര്യത്തിൽ അനുമതിയില്ലാതെ അവധിയെടുക്കരുതെന്നും അവധിക്ക് പോയവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നുമുള്ള കളക്ടറുടെ അറിയിപ്പ് നിലനിൽക്കെയാണ് ഹെൽത്ത് സൂപ്പർവൈസർ എവിടെയെന്നതിൽ വ്യക്തതയില്ലാത്തത്.
ആശുപത്രിയിൽനിന്ന് ഫെബ്രുവരി രണ്ടിനാണ് ഇദ്ദേഹം മൂന്നുമാസത്തെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ചതെന്ന് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സേതുമാധവൻ പറഞ്ഞു.
എന്നാൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഡ്യൂട്ടിക്ക് പ്രവേശിക്കാൻ ആവശ്യപ്പെട്ട് അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് ഇദ്ദേഹത്തിന് ഇ-മെയിൽ അയച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം സംസ്ഥാനത്തിനു പുറ ത്ത് യാത്ര ചെയ്തതായും പറയുന്നു. അവധിയിലായശേഷം ബംഗളൂരുവിൽ പോയിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു പൂച്ചാക്കൽ സിഐ പി. ശ്രീകുമാർ പറഞ്ഞു.