കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം അടുത്ത വർഷത്തോടെ നൂറു കോടി ഡോളറിലെത്തുമെന്നു കൊച്ചി ലേ മെറിഡിയനിൽ നടക്കുന്ന ഏഴാമത് കേരളാ ഹെൽത്ത് ടൂറിസം ഉച്ചകോടി ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ്, ഒമാൻ, ആഫ്രിക്ക, സൗദി അറേബ്യ കന്പോഡിയ, ഇറാക്ക്, മാലിദ്വീപ്, യമൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്.
കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സർവീസ് എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിലുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആരോഗ്യ ടൂറിസം മേഖലയിലെ സുപ്രധാന ലക്ഷ്യസ്ഥാനമായി കേരളം ഉയർന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഇവിടെ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ മൂലമാണ് മാലിദ്വീപിൽനിന്നുള്ളവർ കേരളത്തിലേക്ക് സേവനം തേടി എത്തുന്നതെന്ന് ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മാലിദ്വീപ് അംബാസഡർ ഐഷത് മൊഹമ്മദ് ദിദി ചൂണ്ടിക്കാട്ടി.
മാലിദ്വീപിലെ പാരന്പര്യ ഔഷധങ്ങൾക്കുള്ള ചേരുവകൾ കേരളത്തിൽനിന്നു ശേഖരിച്ചിരുന്നതിനെക്കുറിച്ചുള്ള തന്റെ ബാല്യകാല സ്മരണകളും അംബാസഡർ പങ്കുവച്ചു. ഇന്ത്യയിലെ ആരോഗ്യ ടൂറിസം മേഖല അടുത്തവർഷത്തോടെ എഴുന്നൂറു മുതൽ എണ്ണൂറു കോടി ഡോളർ വരെ എന്ന നിലയിലേക്ക് ഉയരുമെന്ന് സിഐഐ കേരള ചെയർമാനും ഇസാഫ് മൈക്രോ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസ് ചൂണ്ടിക്കാട്ടി.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് ഇന്ത്യയുടെ സിഇഒ ഡോ. ഹരീഷ് പിള്ള, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, കിംസ് ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബ്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി, സർവീസസ് എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്യോതി കൗർ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യസംരക്ഷണ ഉപകരണങ്ങൾ, ആരോഗ്യ സംബന്ധിയായ സാങ്കേതികവിദ്യ തുടങ്ങിയവയെക്കുറിച്ചുള്ള പ്രദർശനവും ഉച്ചകോടിയോടനുബന്ധിച്ചു നടത്തുന്നുണ്ട്. ഇന്നു പൊതുജനങ്ങൾക്കു പ്രദർശനം കാണാൻ അവസരമുണ്ടാകും.