ലണ്ടൻ: പ്രമേഹചികിത്സയ്ക്കു ഫലപ്രദമായ മറ്റൊരു ഔഷധം വരുന്നു. സെമാഗ്ലൂടൈഡ് എന്ന ഈ ഔഷധം കുത്തിവച്ചോ ഗുളിക രൂപത്തിലോ ഉപയോഗിക്കാം. ഏറ്റവും വ്യാപകമായ ടൈപ്പ്-2 പ്രമേഹത്തിന്റെ വളർച്ച തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മൂന്നു വർഷത്തിനകം ഇവ രോഗികൾക്കു ലഭ്യമാകും.
ഈ ഔഷധം ഈയിടെ രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി. ഇംഗ്ലണ്ടിലെ ലെസ്റ്റർ ഡയബെറ്റിക് സെന്ററിൽ 632 രോഗികളിലായിരുന്നു പരീക്ഷണം. മെറ്റ്ഫോർമിൻ ഉപയോഗിക്കുന്നവർക്കാണ് ഇതു നല്കിയത്. 71 ശതമാനം പേരിലും ഭാരക്കുറവ് കണ്ടു.
ഇപ്പോൾ പ്രമേഹചികിത്സയിലുപയോഗിക്കുന്ന ചില ഔഷധങ്ങൾ അപ്രതീക്ഷിതമായി ശരീരത്തിന്റെ ഭാരം കൂട്ടി പ്രശ്നം വഷളാക്കാറുണ്ട്. എന്നാൽ, സെമാഗ്ലൂടൈഡിന് ആ പ്രശ്നമില്ല. ഇൻസുലിൻ എടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു.
ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (ജാമാ) പരീക്ഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടൈപ് 2 പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസ് ഊർജമായി മാറ്റുന്ന പ്രക്രിയ ശരിയായി നടക്കാത്തതുമൂലം ഗ്ലൂക്കോസ് തോത് കൂടുന്നതാണ് ടൈപ് 2 പ്രമേഹം. പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നതു മൂലം ഇൻസുലിൻ ഉത്പാദനം നടക്കാതെ വരുന്ന അവസ്ഥയാണ് ടൈപ് 1 പ്രമേഹം. ഇതു കുട്ടി പ്രായത്തിലേ കാണും.
ലോകത്തു 38 കോടി പ്രമേഹരോഗികൾ ഉള്ളതിൽ 90 ശതമാനവും ടൈപ് 2 പ്രമേഹക്കാരാണ്.