ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിന് അവസരമില്ല.
അതുമൂലം പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും.
കട്ടിയുള്ള തലയിണ ഉപയോഗിക്കുന്പോൾ
നിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിൽ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും.
ഇരുന്നുറങ്ങിയാൽ
ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു. അതുപോലെ കാലുയർത്തി മേശയുടെ അതുപോലെ തന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം:
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന തരത്തിൽ അംഗവിന്യാസം(posture) നിലനിർത്തുന്നതിനാണ്. അതിനാൽ
* എല്ലായ്പ്പോഴും ശരിയായ അംഗവിന്യാസം (posture) നിലനിർത്തുക.
* ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക.
* കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
കംപ്യൂട്ടറിനു മുന്നിൽ അധികനേരം ചെലവഴിക്കുന്നവ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
* നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത
കുറയ്ക്കുക.
* കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതെ തലത്തിൽ വയ്ക്കുക.
* കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
* അധികസമയം ഒരേരീതിയിൽ തന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്.
ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ശരിയായ മെത്ത തിരഞ്ഞെടുത്ത് അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ വാങ്ങാൻ ശ്രമിക്കുക.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]