അഹമ്മദാബാദ്: ഗുജറാത്തിൽ ടാർഗറ്റ് തികയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യുവാവിനു മദ്യം നൽകി മയക്കി വന്ധ്യംകരണം നടത്തിയതായി പരാതി. മെഹ്സാന ജില്ലയിലാണു സംഭവം. വിവാഹം ഉറപ്പിച്ച 30കാരനായ ഗോവിന്ദ് ദന്താനിയാണ് ആരോഗ്യപ്രവർത്തകരുടെ ക്രൂരപ്രവർത്തിക്ക് ഇരയായത്.
നവംബര്‍ 24 മുതല്‍ ഡിസംബര്‍ നാലുവരെ ഗുജറാത്തിൽ കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പു ജീവനക്കാർക്കു പ്രത്യേക ടാഗറ്റ് നല്‍കിയത്. എണ്ണം തികയാതെ വന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ കബളിപ്പിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നു.
ഫാമിൽ ജോലിയും ദിവസം 500 രൂപ കൂലിയും വാഗ്ദാനം ചെയ്താണ് യുവാവിനെ ഇവർ വളച്ചത്. ഫാമിലേക്കു കൊണ്ടുപോകുകയാണെന്ന വ്യാജേനെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിയ യുവാവിനെ പോകുന്ന വഴി മദ്യം വാങ്ങി ആവോളം കുടിപ്പിച്ചു. ബോധവാസ്ഥയിലായ യുവാവിനെ ആംബുലന്‍സില്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നെന്നു യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
വന്ധ്യംകരണത്തിനുശേഷം യുവാവിനെ ഫാമില്‍ ഉപേക്ഷിച്ചു. പിറ്റേദിവസം മൂത്രം ഒഴിക്കുമ്പോള്‍ കടുത്തവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയലെത്തിയപ്പോഴാണ് താൻ വന്ധ്യംകരണത്തിനു വിധേയനായതായി ഗോവിന്ദ് അറിയുന്നത്.
തന്റെ സമ്മതമോ അറിവോ ഇല്ലാതെയാണു വന്ധ്യംകരണം നടത്തിയതെന്നു ഗോവിന്ദ് പയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.