ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അതു സഹായകം.
ഈന്തപ്പഴത്തിലെ ഉയർന്ന തോതിലുളള പോഷകങ്ങൾ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണർത്തും. ക്ഷീണം പന്പകടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഉൗർജം ശരീരത്തിനു ലഭിക്കുന്നു.
വിളർച്ച തടയാം
സ്കൂൾ കുികളിൽ വിളർച്ച കൂടിവരുന്നതായി അടുത്തിടെ ചില പഠനങ്ങൾ വന്നിരുന്നു. അതിനുളള പരിഹാരമാണ് ഈന്തപ്പഴം. ടിഫിൻ ബോക്സിൽ ബേക്കറി പലഹാരങ്ങൾക്കു പകരം ഈന്തപ്പഴം നുറുക്കി കൊടുത്തയയ്ക്കാം.
കൊഴുക്കട്ടയ്ക്കുളളിൽ നിറച്ചും കുട്ടികൾക്കു നല്കാം.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണു വിളർച്ച.ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ.
ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുന്പ് ആവശ്യമാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ഈന്തപ്പഴത്തിൽ ഇരുന്പ് ഇഷ്ടംപോലെ; ഉൗർജവും.
ക്ഷീണം പന്പകടക്കും
എനർജി ബൂസ്റ്ററാണ് ഈന്തപ്പഴം. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവ ഈന്തപ്പഴത്തിൽ ധാരാളം. അതിനാൽ ഈന്തപ്പഴം പതിവായി കഴിച്ചാൽ ക്ഷീണം പന്പകടക്കും. കരുത്തുകൂടും. പ്രതിരോധശക്തി നേടാം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.
കൊളസ്ട്രോൾ കുറയ്ക്കാം
കൊഴുപ്പു കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. നാരുകൾ ധാരാളം. കുടലിൽ വച്ച് ആഹാരത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതു നാരുകൾ തടയുന്നു. അങ്ങനെ രക്തത്തിൽ ചീത്ത കൊളസ്ട്രോളായ എൽഡിഎലിെൻറ തോതു കുറയ്ക്കുന്നു. എൽഡിഎൽ കൂടിയാൽ രക്തക്കുഴലുകളുടെ ഉളളു കുറയും.
പ്ലേക് എന്ന പേരിൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തസഞ്ചാരത്തിനു തടസമാകും. ഹൃദയരോഗങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കും. ഈന്തപ്പഴം ശീലമാക്കിയാൽ അത്തരം ആപത്തുകൾ ഒഴിഞ്ഞുപോകും.
ഹൃദയത്തിന്റെ മിത്രം
ഉണങ്ങിയ ഈന്തപ്പഴത്തിൽ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്തസമ്മർദം(ബിപി) ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപി കുറയ്ക്കുന്നു; സ്ട്രോക് സാധ്യതയും. ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം.
ആമാശയത്തിന്റെ ആരോഗ്യത്തിന്
100 ഗ്രാം ഈന്തപ്പഴത്തിൽ 6.7 ഗ്രാം നാരുണ്ട്. കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20- 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നിർദേശിക്കുന്നു.
ഈന്തപ്പഴം ശീലമാക്കിയാൽ അതു സാധ്യമാവും. ആമാശയ അർബുദം തടയാൻ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം. കുടലിലെ അർബുദസാധ്യത കുറയ്ക്കുന്നു. മലബന്ധം കുറയ്ക്കുന്നതിനും നാരുകൾ സഹായകം.
ദഹനം വേഗത്തിലാക്കുന്നു. കുടലിൽ നിന്നു വിസർജ്യങ്ങളെ വളരെവേഗം പുറന്തളളുന്നതിനു സഹാായിക്കുന്നു. ഈന്തപ്പഴത്തിന്റെ വിരേചനസ്വഭാവം കുടലിൽ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അൾസർ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം.
സ്ത്രീകളുടെ ആരോഗ്യത്തിന്
സ്ത്രീകളുടെ പ്രത്യേകിച്ചു ഗർഭിണികളുടെ ഗർഭാശയ പേശികൾ ബലപ്പെടുത്തുന്നതിന് ഈന്തപ്പഴം ഗുണപ്രദം. അതു പ്രസവം സുഗമമാക്കും.ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തീർക്കുന്നു. ചർമത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു.
കൂടാതെ അതിലുളള വിറ്റാമിൻ എ വരണ്ടതും നശിച്ചതുമായ ചർമകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു.
ചുരുക്കത്തിൽ ചർമത്തിെന്റെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും. ഈന്തപ്പഴം ശീലമാക്കിയാൽ പ്രായമാകുന്നതുമൂലം ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ കുറയ്ക്കാം. യുവത്വം നിലനിർത്താം. വിറ്റാമിൻ ബി 5 മുടിയുടെ ആരോഗ്യത്തിനും ഗുണപ്രദം. മുടി പൊട്ടുക, അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാം.
ആന്റി ഓക്സിഡൻറുകൾ വേണ്ടുവോളം
ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡൻറുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ജലത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ, എസെൻഷ്യൽ ഫാറ്റി ആസിഡുകൾ, പലതരം അമിനോആഡിസുകൾ എന്നിവ ധാരാളം. ഇവ ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു. വിറ്റാമിൻ എ, സി, ഇ, കെ,ബി1, ബി2, ബി3, ബി5, നിയാസിൻ, തയമിൻ തുടങ്ങിയ വിറ്റാമിനുകൾ ഈന്തപ്പഴത്തിലുണ്ട്.
ഇരുന്പ്, പൊട്ടാസ്യം, സൾഫർ, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, കോപ്പർ, ഫ്ളൂറിൻ തുടങ്ങിയ ധാതുക്കളും അതിലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ട കാൽസ്യവും ഈന്തപ്പഴത്തിലുണ്ട്.
ദിവസവും കൈയളവ് ഈന്തപ്പഴം കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും ദന്തസംബന്ധമായ പ്രശ്നങ്ങളും അകന്നു നിൽക്കും. മദ്യാസക്തി മൂലം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിനും ഈന്തപ്പഴം ഗുണപ്രദമെന്നു ഗവേഷകർ.
പ്രത്യേക ശ്രദ്ധയ്ക്ക്
വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്.പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. കൃത്രിമ മധുരവും മെഴുകും പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം. ഉപഭോക്താവിന് അതിനുളള അവകാശമുണ്ട്.
ഈന്തപ്പഴത്തിൽ പൊടി പറ്റാനുളള സാധ്യതയുളളതിനാൽ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിന്റെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്.