ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ആറു നിലയുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പ് സെക്രട്ടറി സന്ദർശിച്ചു. ഇന്നലെ രാവിലെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ ജനറൽ ആശുപത്രിയിലെത്തിയത്.
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ജനറൽ ആശുപത്രിയുടെ കിഴക്കു ഭാഗത്ത് ഒ.പി ബ്ലോക്ക് ഉൾപ്പെടെ ആറു നിലയുള്ള സൂപ്പർ സ്പെഷാലിറ്റി കെട്ടിടം നിർമിക്കുന്നത്. ഇതിൽ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളും ആരംഭിക്കും.
ആശുപത്രിയിൽ രണ്ടു മാസത്തിനുള്ളിൽ പുതിയ ട്രോമാ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടിയും പൂർത്തിയായി വരുന്നതായി അദ്ദേഹം അറിയിച്ചു. തുടർന്ന് ആശുപത്രിയുടെ നവീകരണപ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. തുറവൂർ താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ല ആശുപത്രി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം ജില്ലാ മെഡിക്കൽ ഓഫിസർ ഡി. വസന്തദാസുമുണ്ടായിരുന്നു.