സെബി മാത്യു
ന്യൂഡൽഹി: ആൻജിയോ പ്ലാസ്റ്റിക്കു വിധേയരാകാൻ കാത്തിരിക്കുന്ന ഹൃദ്രോഗികൾക്ക് ആശ്വാസമായി കാർഡിയാക് സ്റ്റെന്റുകളുടെ വില വെട്ടിക്കുറച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസ് അഥോറിറ്റിയാണു (എൻപിപിഎ) ജീവൻരക്ഷാ ഒൗഷധങ്ങളുടെ പട്ടികയിൽ പെടുത്തിയ സ്റ്റെന്റിന്റെ വില കുറച്ചത്. രക്തക്കുഴലുകളിലെ തടസം നീക്കം ചെയ്യുന്നതിനുള്ള സ്റ്റെന്റുകൾക്കു ചെലവേറിയതിനാൽ ലക്ഷക്കണക്കിന് ഹൃദ്രോഗികൾക്കു ചികിത്സ അപ്രാപ്യമായ സാഹചര്യത്തിലാണു നടപടി. കൊറോണറി സ്റ്റെന്റുകളുടെ വിലയിൽ 380 ശതമാനം കുറവുണ്ടാകുമെന്നാണു കേന്ദ്ര രാസ, വള വകുപ്പുമന്ത്രി അനന്ത് കുമാർ വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് അവശ്യ മരുന്നായി കണക്കാക്കി വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയാണു സ്റ്റെന്റുകളുടെ വില കുറച്ചിരിക്കുന്നത്. നിർമാതാക്കളുടെ കൈയിൽ നിന്നും സ്റ്റെന്റുകൾ രോഗികളിലെത്തുന്പോൾ പത്തിരട്ടിയിലധികം വില ഈടാക്കിയിരുന്നതായും അഥോറിറ്റി നിരീക്ഷിക്കുന്നു. പല ആശുപത്രികളും സ്റ്റെന്റുകളുടെ പേരിൽ കൊള്ള ലാഭം ഉണ്ടാക്കിയിരുന്നതായും ചൂണ്ടിക്കാട്ടുന്നു.
മരുന്നുകൾ അടങ്ങിയ ഡ്രഗ് എലൂറ്റിംഗ് സ്റ്റെന്റും സാധാരണ ബെയർ മെറ്റൽ സ്റ്റെന്റും അടക്കം രണ്ടു തരത്തിലുള്ള സ്റ്റെന്റുകളാണുള്ളത്. ഇതിൽ സാധാരണ ലോഹ സ്റ്റെന്റുകളുടെ വില 25,000 മുതൽ 75,000 വരെ എത്തും. ഇത്തരം സ്റ്റെന്റുകളുടെ ഏറ്റവും ഉയർന്ന വില 7,260 രൂപയായാണ് ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നത്. മരുന്നുകളടങ്ങിയ സ്റ്റെന്റുകൾക്ക് 40,000 മുതൽ രണ്ടു ലക്ഷത്തിനടുത്തു വരെ വില ഈടാക്കിയിരുന്നു. ശരീരത്തിലലിഞ്ഞ് ചേരുന്ന വിധത്തിലുള്ള സ്റ്റെന്റുകൾക്ക് അതിനും മുകളിലാണ്.
ഇതുൾപ്പടെ മെറ്റാലിക് ഡിഇഎസ്, ബയോ ഡിഗ്രേഡബിൾ സ്റ്റെന്റുകൾ എന്നിവയുൾപ്പടെയുള്ള സ്റ്റെന്റുകളുടേയും കൂടിയ വില 29,600 രൂപ ആക്കി ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലെയും അഞ്ചു ശതമാനം വാറ്റ് കൂടി സ്റ്റെന്റിനു ചുമത്തുണ്ട്. ഇതു കൂടി വിലയോടൊപ്പം ചേരുന്പോൾ ലോഹ സ്റ്റെന്റിന് 7623 രൂപയും മരുന്ന് സ്റ്റെന്റിന് 31,080 രൂപയുമാകും.
സ്റ്റെന്റുകളുടെ പേരിൽ ആശുപത്രികൾ കൊള്ളലാഭം ഉണ്ടാക്കുകയാണെന്ന് നേരത്തെ ദേശീയ മരുന്നു വില നിയന്ത്രണ സമിതി കണ്ടെത്തിയിരുന്നു. പല ആശുപത്രികളും യഥാർഥ വിലയിൽ നിന്ന് 600 ശതമാനത്തോളം ഉയർത്തിയാണു സ്റ്റെന്റുകൾ കൊടുത്തിരുന്നത്. കൊഴുപ്പടിഞ്ഞ് തടസം നേരിടുന്ന രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും വേണ്ടിയുള്ള ചെറിയ കുഴലുകളാണ് സ്റ്റെന്റ് എന്നറിയപ്പെടുന്നത്.
കഴിഞ്ഞ വർഷം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്റ്റെന്റിനെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പൊതുതാത്പര്യ ഹർജി പരിഗണിക്കവേ ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നായിരുന്നു നടപടി. കഴിഞ്ഞ വർഷം രാജ്യത്ത് ആൻജിയോ പ്ലാസ്റ്റിക്കു വിധേയരായ ഹൃദ്രോഗികളുടെ എണ്ണത്തിൽ 42 ശതമാനം വർധനവാണുണ്ടായത്. 2015ൽ മാത്രം രാജ്യത്ത് 3.75 ആൻജിയോ പ്ലാസ്റ്റികളിലായി 4.75 ലക്ഷം സ്റ്റെന്റുകളാണ് ഉപയോഗിച്ചത്.
ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും കർശന മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. ജീവൻ രക്ഷാ മരുന്നായി കണക്കാക്കുന്ന സ്റ്റെന്റുകളുടെ വിൽപനയിൽ രാജ്യത്ത് കടുത്ത ധാർമിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രോഗികൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ധമനികളിലുണ്ടാകുന്ന ബ്ലോക്കുകൾ തടയുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ അടങ്ങിയ സ്റ്റെന്റിന്റെ (ഡ്രഗ് എലൂറ്റിംഗ് സ്റ്റെന്റ്സ് ഡിഇഎസ്) വില 21,881 രൂപയ്ക്കും 67,272 രൂപക്കും ഇടയിലാക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ അഥോറിറ്റി കഴിഞ്ഞ മാസം തന്നെ നിർദേശം നൽകിയിരുന്നു. ബെയർ മെറ്റൽ സ്റ്റെന്റ്സ് (ബിഎംഎസ്), ഡിഇഎസ്, ബയോറെസോർബബിൾ വാസ്കുലാർ സ്റ്റെന്റ്സ് (ബിവിഎസ്) എന്നിവയ്ക്ക് പ്രത്യേകം വില പരിധി നിശ്ചയിക്കുന്നതിന് പകരം രണ്ടു വിഭാഗത്തിൽ ഉൾപ്പെടുത്തിയാണു പുതുക്കിയ വില തീരുമാനിച്ചിരിക്കുന്നത്.
ഡിഇഎസിനെ ബിവിഎസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ തയാറാക്കിയിരിക്കുന്നത്. സ്റ്റെന്റുകളുടെ രൂപകൽപ്പനയും പുതുമയും പരിഗണിച്ച് ഡിഇഎസിനെ പ്രത്യേക വിഭാഗത്തിൽ ഉൾക്കൊള്ളിക്കണമെന്ന ബഹുരാഷ്ട്ര കന്പനികളുടെ നിർദേശം തള്ളിയാണ് അഥോറിറ്റിയുടെ തീരുമാനം. ചില സാങ്കേതിക തത്ത്വങ്ങളും വിലയും ആധാരമാക്കി സ്റ്റെയിൻലസ് സ്റ്റീൽ, കൊബാൾട്ട് ബിഎംഎസ് എന്നിവയെ എൻപിപിഎ തരംതിരിച്ചിട്ടുണ്ട്. പുതുക്കിയ വില സംബന്ധിച്ചു ജനുവരി 26നകം നിർദേശങ്ങൾ സമർപ്പിക്കണമെന്നും സ്റ്റെന്റ് നിർമാതാക്കൾ, ആശുപത്രികൾ, സാമൂഹ്യ സംഘടനകൾ എന്നിവയോട് ആവശ്യപ്പെട്ടിരുന്നു. ചു