പ്രമേഹവും അമിത രക്തസമ്മർദവും മിക്കപ്പോഴും ഒരുമിച്ചു സഹവസിക്കുന്നു. പഞ്ചസാരയെ വെളുത്ത വിഷമെന്നാണു വിളിക്കുക. പഞ്ചാസരയും മധുരപലഹാരങ്ങളും അന്നജമടങ്ങിയ ആഹാരവും ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. പ്രമേഹരോഗികളിൽ ജനിതകമായ പ്രവണത മുൻപന്തി യിൽ നിൽക്കുന്നു.
കൃത്യമായ വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ട്രെസും മനോസംഘർഷവും നിയന്ത്രിക്കുക, ചിട്ടയായ ജീവിതശൈലി അവലംബിക്കുക തുടങ്ങിയവയെല്ലാം പ്രമേഹ നിയന്ത്രണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുന്നു.
എൽഡിഎൽ കൂടരുത്
മയമുള്ള മെഴുകിന്റെ രൂപഘടനയുള്ള കൊളസ്ട്രോൾ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. എന്നാൽ അധികമായാൽ അതു വില്ലനായി മാറും.
കൊളസ്ട്രോളിന്റെ ഉപഘടകമായ സാന്ദ്രത കുറഞ്ഞ എൽഡിഎൽ കൊളസ്ട്രോൾ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം വർധിക്കുന്നു.
അതുകൊണ്ടുതന്നെ ഹൃദ്രോഗമുണ്ടാതിരിക്കാനും ഹാർട്ടറ്റാക്കുണ്ടായിക്കഴിഞ്ഞ് വീണ്ടുമൊരു അറ്റാക്ക് ഉണ്ടാകാതിരിക്കാനും എൽഡിഎല്ലിന്റെ തോത് കർശനമായി കുറഞ്ഞിരിക്കണം.
ഹാർട്ടറ്റാക്ക് കഴിഞ്ഞവർക്ക് 55 മിലിഗ്രാം ശതമാനത്തിൽ കുറഞ്ഞിരിക്കണമെന്നാണ് പുതിയ നിർദേശം. ഇനി ഹൃദ്രോഗസാധ്യത കുറയ്ക്കാൻ അതു 100-ൽ താഴെയായിരിക്കുകയും വേണം.
കൊളസ്ട്രോളും പാരന്പര്യവും
കൊളസ്ട്രോൾ രക്തത്തിൽ കുറയ്ക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റി പല ദുരൂഹതകളുമുണ്ട്. തീർച്ചയായും ശക്തനായ സ്റ്റാറ്റിൻ മരുന്നുകൾ നെടുംതൂണായി നിൽപ്പുണ്ട്.
എന്നാൽ, ഒൗഷധങ്ങൾ കൂടാതെയുള്ള നിയന്ത്രണംതന്നെ നന്ന്. പൂരിത കൊഴുപ്പും ട്രാൻസ്ഫാറ്റുകളും കുറച്ച്, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷണ പദാർഥങ്ങൾ കൂടുതലായി കഴിച്ച്, നാരുകളടങ്ങുന്ന ആഹാരപദാർഥങ്ങൾക്ക് പ്രാധാന്യം കൊടുത്ത്, കൃത്യമായി വ്യായാമം ചെയ്ത് ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.
പാരന്പര്യ പ്രവണതകൾമൂലം അധികരിച്ച കൊളസ്ട്രോൾ ഉള്ളവർക്കു മിക്കപ്പോഴും ഒൗഷധങ്ങളെ അഭയം പ്രാപിക്കേണ്ടിവരും.
ശരീരഭാരം അധികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുകവലി വേണ്ട. ഒമേഗ – 3 ഫാറ്റി അമ്ലങ്ങൾ അടങ്ങുന്ന കടൽമത്സ്യം ഏറെ പ്രയോജനംചെയ്യും.
വ്യായാമം പ്രധാനം
ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദം, വർധിച്ച കൊളസ്ട്രോൾ എന്നീ രോഗാവസ്ഥകൾക്ക് ജനിതകമായ പ്രവണത ഏറെ സ്വാധീനം ചെലുത്തുന്നു.
പാരന്പര്യസഹജമായ പ്രവണതകൾ ചികിത്സിച്ചു മാറ്റാൻ സാധിക്കില്ലെങ്കിലും കർശനമായി മറ്റ് ആപത്ഘടകങ്ങൾ ക്രമീകരിക്കുന്നതിലൂടെ അവർക്കും ജനിതകമാറ്റം സംഭവിക്കാമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
അച്ഛന് 55 വയസിനു താഴെയും അമ്മയ്ക്ക് 60 വയസിനു താഴെയും ഹാർട്ടറ്റാക്കുണ്ടായാൽ മക്കൾക്ക് അതുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇക്കൂട്ടർ രോഗസാധ്യതയെ ചെറുക്കേണ്ടത് മറ്റ് ആപത്ഘടകങ്ങൾ കർശനമായി നിയന്ത്രിച്ചും കൃത്യമായ വ്യായാമ പദ്ധതികളിൽ ഏർപ്പെട്ടുമാണ്.
എന്നാൽ, ഇതര ജനിതക ഹൃദ്രോഗാവസ്ഥകളായ ഹൈപ്പർ ട്രോഫിക് കാർഡിയോമയോപ്പതി, ലോംഗ് ക്യുറ്റിസിൻഡ്രോം, ഫമീലിയൽ ഹൈപ്പർ കൊളസ്ട്രോളേമിയ തുടങ്ങിയവ പ്രതിരോധ മാർഗങ്ങൾക്കു വഴിപ്പെടാതെ നിൽക്കുന്നു.