കൊച്ചി: ഹൃദ്രോഗത്തിനു പ്രധാനകാരണം പ്രമേഹമാണെന്നും കേരളത്തിൽ ഇതിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവിയും പ്രഫസറുമായ ഡോ. കെ.യു. നടരാജൻ. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ഹാർട്ട് ഫെയിലർ രജിസ്ട്രിയിലെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഹൃദ്രോഗികളാകുന്നവരുടെ പ്രായം യുഎസ് പോലുളള പാശ്ചാത്യനാടുകളിലേക്കാൾ 12 വയസിനെങ്കിലും ചെറുപ്പമാണ്. ഹൃദയം തകരാറിലാകുന്ന 71 ശതമാനം പേരിലും കുഴപ്പമുണ്ടാക്കുന്നത് കൊറോണറി ആർട്ടറി രോഗമാണ്.
ശ്വാസം കിട്ടാതെ വരിക, കണങ്കാലിൽ നീര്, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹൃദയ പേശികൾ, ഹാർട്ട് വാൽവുകൾ, ഹൃദയ ആവരണം എന്നിവയ്ക്കു തകരാറുണ്ടാകുന്നതാണ് പ്രധാനകാരണം. ഹൃദ്രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു.
ഹൈപ്പർടെൻഷൻ, കിഡ്നി രോഗം, പുകവലി തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ടെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് പ്രഫസർ ഡോ. വിജയകുമാർ പറഞ്ഞു. കൊറോണറി ആർട്ടറി രോഗമുള്ള യുവജനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും കാരണം കണ്ടെത്തി ചികിത്സിക്കുകയാണു ഹൃദയാഘാതം തടയുന്നതിന് ഏറ്റവും നല്ല മാർഗമെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയാഘാതം മൂലം മരിക്കുന്നത് കൂടുതലും സ്ത്രീകളാണെന്നു കാർഡിയോളജി ഡിപ്പാർട്ട്മെന്റ് പ്രഫസർ ഡോ. സി. രാജീവ് പറഞ്ഞു. മെഡിക്കൽ സയൻസ് ഗണ്യമായി വികസിക്കുന്നുണ്ടെന്നും ഹൃദയം മാറ്റിവയ്ക്കൽ ഉൾപ്പെടെ പല ശസ്ത്രക്രിയകളിലൂടെയും ഹൃദ്രോഗങ്ങൾക്ക് ചികിൽസയുണ്ടെന്നും കാർഡിയോളജി ഡിപ്പാർട്ട്മെന്റ് പ്രഫസർ ഡോ. രാജേഷ് തച്ചതൊടിയിൽ പറഞ്ഞു.