ശാരീരികമായി ഒട്ടും അധ്വാനിക്കാതിരിക്കുക, വ്യായാമം ചെയ്യാതിരിക്കുക, അമിതമായി ആഹാരം കഴിക്കുക, ജനിതക പ്രശ്നങ്ങൾ എന്നിവ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.
സ്ത്രീകളിൽ ഹൃദ്രോഗമുണ്ടാകുമ്പോൾകൂടുതൽ ശ്രദ്ധിക്കണം. കാരണം, ആദ്യത്തെ ഹൃദയാഘാതത്തിൽ നിന്ന് അവർ രക്ഷപ്പെട്ടാലും ഒരു കൊല്ലത്തിനുള്ളിൽ തന്നെ അടുത്ത ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൂടുതലായിരിക്കും എന്നാണു പറയുന്നത്.
ആഹാരനിയന്ത്രണം, വ്യായാമം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. അമിത ശരീരഭാരം ഉള്ളവർ അത് കുറയ്ക്കാൻ ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ആഹാരത്തിൽ ചില ക്രമീകരണങ്ങൾ ആവശ്യമായി വരുന്നതാണ്. പിന്നെ വ്യായാമവും പ്രധാനം.
പിരിമുറുക്കം വേണ്ട
നീണ്ട കാലം മാനസിക സംഘർഷം അനുഭവിക്കുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ വ്യക്തമായ കാരണമാണ്. അതുകൊണ്ട് സംഘർഷം ഒഴിവാക്കിയ മാനസികാവസ്ഥ സൂക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം.
വീട്ടമ്മമാരിലും ഉദ്യോഗസ്ഥകളിലും ഹൃദ്രോഗ സാധ്യത ഒരുപോലെ ആണെന്നാണ് പറയുന്നത്. എന്നാൽ, മാനസിക സംഘർഷം ഉണ്ടാകാനുള്ള കാരണങ്ങൾ ഇരു കൂട്ടരിലും വ്യത്യസ്തമായിരിയ്ക്കും എന്നും പറയുന്നുണ്ട്.
സാമ്പത്തിക പ്രശ്നങ്ങൾ, വിരസത എന്നിവ ആയിരിക്കും വീട്ടമ്മമാരിൽ മാനസിക സംഘർഷത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ഉദ്യോഗസ്ഥരിൽ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ, മത്സരം, പ്രമോഷൻ തുടങ്ങിയവയായിരിക്കും കാരണങ്ങൾ.
മുട്ടയുടെ വെള്ള
സ്ത്രീകൾ ആഹാരത്തിൽ ശ്രദ്ധിക്കണം. ആവശ്യമുള്ള അളവിൽ ഊർജം ലഭിക്കുന്നതായിരിക്കണം അവരുടെ ആഹാരം. ശരീരഭാരം കൂടാൻ ആഹാരം കാരണമാകയും അരുത്.
മാംസം കഴിയുന്നത്ര ഒഴിവാക്കുകയാണു നല്ലത്. കോഴിമുട്ട പുഴുങ്ങി അതിന്റെ വെള്ള കഴിക്കുന്നതു നല്ലതാണ്. കൊഴുപ്പ് നീക്കം ചെയ്ത പാൽ ഉപയോഗിക്കാവുന്നതാണ്. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം.
ഓസ്റ്റിയോ പൊറോസിസ് ഒഴിവാക്കാം
വെറുതെ ഇരിക്കരുത്. എപ്പോഴും പ്രവർത്തനനിരതമായിരിക്കുകയാണ് നല്ലത്. എപ്പോഴും മനസിൽ സംതൃപ്തി സൂക്ഷിക്കാനാവണം. ഇരുപത് മിനിറ്റ് സമയമെങ്കിലും ദിവസവും വ്യായാമം ചെയ്യണം.
പതിവായി വ്യായാമം ചെയ്യുന്നശീലം ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും. മാത്രമല്ല, അസ്ഥികളിൽ കാത്സ്യത്തിന്റെ സാന്ദ്രത കുറയുന്നതിന്റെ ഫലമായി സ്ത്രീകളിൽ കൂടുതലായി കണ്ടുവരാ റുള്ള’ഓസ്റ്റിയോ പൊറോസിസ്’ എന്ന സന്ധിവാത രോഗം ഉണ്ടാകാതിരിക്കുവാനും ഉണ്ടായവരിൽ അതിന്റെ തീവ്രത കുറയാനും വ്യായാമം ഏറെ സഹായിക്കും.
രക്തപരിശോധന
ആർത്തവവിരാമ ശേഷം സ്ത്രീകൾ ഡോക്ടർമാർ നിർദേ ശിക്കുന്ന സമയങ്ങളിൽ രക്ത പരിശോധന നടത്തുകയും പരിശോധനയുടെ ഫലങ്ങളിൽ കാണുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.
പുകവലി, പുകയില മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കണം. ഒപ്പം നീർക്കെട്ട് വരാതിരിക്കാൻ സഹായിക്കുന്ന
ചില ലളിതമായ കാര്യങ്ങൾ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് തുടരുകയുമാവാം.
ആർത്തവ വിരാമത്തിനുശേഷം സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം പെരുമാറ്റ രീതികളിലും ചില മാറ്റങ്ങൾക്കു സാധ്യതയുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393