കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ആരോഗ്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നു. യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ഫിറ്റ് എന്നു കരുതിയിരുന്ന, കേവലം 46 വയസുള്ള ചെറുപ്പക്കാരൻ എപ്രകാരം മരിച്ചു?
പ്രമേഹവും പ്രഷറും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബഡോക്ടർ പറഞ്ഞു. വൈദ്യശാസ്ത്രപരമായി ഇതിന് വിശദീകരണങ്ങളുണ്ടോ?
ആ ധാരണ തെറ്റ്
ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
അതുപോലെ ഹാർട്ടറ്റാക്കുണ്ടാക്കുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘട്ടങ്ങൾ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള “ഫിസിക്കൽ ഫിറ്റ്നസ് ” എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്ന് ഓർക്കണം.
കുറച്ചുകൂടി വ്യക്തമാക്കിയാൽ ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണയും തെറ്റ്.
നേരത്തേ തിരിച്ചറിയൽ ശ്രമകരം
രോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സകൾ നൽകുന്ന സന്പ്രാദയമാണ് ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നത്.
രോഗാതുരതയിലേക്കു നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന പ്രവണത കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.
രോഗാവസ്ഥ മൂർച്ഛിച്ച് ലക്ഷണങ്ങൾ പ്രകടമാകുന്പോൾ ചികിത്സയ്ക്കായി സംവിധാനം ചെയ്യാൻ അത്ര പ്രയാസമില്ല. എന്നാൽ, രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലാത്ത അവസ്ഥയിൽ രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അത് ഗുരുതമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും തിരിച്ചറിയുക ശ്രമകരമാണ്.
പുകവലി, അമിത രക്തസമ്മർദം, വർധിച്ച കൊളസ്ട്രോൾ, പ്രമേഹം എന്നീ ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗ സാധ്യത നിർണയിക്കുന്നതിൽ അപര്യാപ്തതയുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഹാർട്ടറ്റാക്കുണ്ടായ 695 രോഗികളെ ഉൾപ്പെടുത്തി സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ 132 പേർക്ക് യാതൊരു ആപത് ഘട്ടങ്ങളും ഉണ്ടായിരുന്നില്ല.
ഹൃദയാഘാത സാധ്യത വിലയിരുത്താം
ഹൃദയധമനികളിലെ ദുരിതാവസ്ഥ ബാല്യകാലത്തിൽ ആരംഭിക്കും. അതിന്റെ വളർച്ചയും അപകടാവസ്ഥയും വിലയിരുത്താൻ, സിടി- ആൻജിയോഗ്രാഫി, പോസിട്രോൺ എമിഷൻ ടൊമോഗ്രാഫി (പെറ്റ്), ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് തുടങ്ങിയ ആധുനിക പരിശോധനാ സംവിധാനങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഈ പരിശോധനകൾ കൊണ്ട് ഹൃദയധമനികളിലെ ഘടനാവ്യതിയാനങ്ങളും കാൽസ്യം സ്കോറും നിരീക്ഷിക്കാം. അതുവഴി ഭാവിയിൽ ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താൻ പറ്റുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സെെലന്റ് അറ്റാക്ക്
ഹൃദയാഘാതമുണ്ടാകുന്പോൾ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് സൈലന്റ് അറ്റാക്ക്. നെഞ്ചുവേദനയ്ക്കു പകരം ചിലരിൽ ഒക്കാനം, ദഹനപ്രശ്നങ്ങൾ, ഗ്യാസ്, തളർച്ച, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. പ്രമേഹരോഗികളിൽ ഇത് കൂടുതലായി കാണുന്നു.
സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധ മനോഭാവമാണ്(ഡിനയൽ സിന്ഡ്രോം); രോഗാവസ്ഥ അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവഗണന.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി
എറണാകുളം