ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത.
പക്ഷേ, ഹൃദ്രോഹം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എൽഡിഎൽ കോളസ്ട്രോൾ പരമാവധി കുറയ്ക്കാനാണ്.
കൊളസ്ട്രോൾ കുറവായിട്ടും…
നവജാത ശിശുക്കളിൽ എൽഡിഎൽ 25 മില്ലിഗ്രാം/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോൾ ഹൃദ്രോഗത്തെ ഒഴിവാക്കാൻ എൽഡിഎൽ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ?
ബയോ സൂചകങ്ങൾ
ഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്്?
കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീൻ, ഇന്റർലുക്കിൻ -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽഡിഎൽ, നൈട്രോ തൈറോസിൻ, ലൈപ്പോപ്രോട്ടീൻ – എ, ഡി -ഡൈമർ, ഹോമോസിസ്റ്റീൻ, മൂത്രത്തിലെ മൈക്രോ ആൽബുമിൻ, ബിഎൻപി., ട്രോപോണിൻ തുടങ്ങിയ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാൻ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു.
പലതും അജ്ഞാതം!
ഹാർട്ട് അറ്റാക്കുണ്ടാക്കുന്നത് പല മാനസിക – ശാരീരിക – ജനിതക ഉദ്ദീപനപ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്. ഇനിയും അനാവരണം ചെയ്യപ്പെടാത്ത പല അജ്ഞാത ഘടകങ്ങളും ഈ രോഗാതുരതക്കു പിന്നിൽ ഉത്തേകമാകുന്നു.
കൃത്യമായി പറയാനാവില്ല
ആർക്കൊക്കെ അറ്റാക്ക് വരും ആർക്കു വരില്ല എന്നു കൃത്യമായി പറയാൻ എളുപ്പമല്ല. ഒന്നും ഒന്നും രണ്ട് എന്ന് കണക്കു കൂട്ടുന്നതുപോലെ ഈ നിഗൂഢ പ്രതിഭാസത്തെ നിർവഹിക്കുക സാധ്യമല്ല.
നടൻ പുനിത് ജിമ്മിലെ വ്യായാമത്തെത്തുടർന്ന് മരിച്ചശേഷം ഇപ്പോൾ ബംഗൂളൂരിലെ ജിമ്മുകളെല്ലാം കാലിയാണ്. വർക്ക്ഔട്ട് ചെയ്യാൻ എല്ലാവർക്കും പേടി. പരിശോധനകൾക്കായി ചെറുപ്പക്കാരല്ലാം ആശുപത്രിയിലേക്കോടുന്നു.
വൈദ്യപരിശോധന
അപകടങ്ങൾ ഉണ്ടാകുന്പോൾ മാത്രം കണ്ണുതുറക്കുന്നവരാണു നമ്മൾ. അമിതമായ വർക്ക്ഔട്ടുകൾക്കു മുന്പ് വൈദ്യപരിശോധന ചെയ്യണം. അമിത രക്തസമ്മർദമുണ്ടോയെന്നു കണ്ടെത്തി അത് ക്രമപ്പെടുത്തണം.
* കൊളസ്ട്രോൾ പരിധിക്കുള്ളിൽ നിർത്തണം. വേണ്ടിവന്നാൽ സ്റ്റാറ്റിൻ മരുന്നുകൾ കഴിച്ച് എൽഡിഎൽ 50 ൽ താഴെയാക്കണം.
* നെഞ്ചിലെ അസ്വാസ്ഥ്യം, ഇസിജിയിൽ വ്യതിയാനങ്ങൾ, പാരന്പര്യപ്രവണത, ആപത്ഘടകങ്ങളുടെ സാന്നിധ്യം ഇവയേതെങ്കിലുമുണ്ടെങ്കിൽ സിടി, ആൻജിയോഗ്രാഫി ചെയ്തു നോക്കണം; പ്രത്യേകിച്ച് കഠിന വ്യായാമങ്ങൾ ചെയ്യുന്നതിനു മുന്പ്.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം