ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്റെ ആക്രമണം പുതുതായി ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനുപിന്നിൽ രണ്ടു കാരണങ്ങളാണു പ്രേരകമായത്.
ഒന്ന് – കൊറോണ ബാധിതരിൽ ഹൃദയധമനിയിലുണ്ടായിരുന്ന കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായി. തത്ഫലമായി പ്ലാക്ക് പൊട്ടി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി.
രണ്ട് – വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്ത പരിഹരിക്കാനായി ഹൃദയപ്രവർത്തനം ത്വരിതഗതിയിലായി.
ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി. ഈ അവസരത്തിൽ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ട്രോപോണ്ടിൻ എന്ന സൂചകം രക്തത്തിൽ വർധിച്ചു.
ഹാർട്ടറ്റാക്ക് ഉണ്ടായ ഈ രണ്ടവസ്ഥകളിലും വൈറസ് ബാധയുടെ ഭാരവുംകൂടി ആയപ്പോൾ രോഗികൾ കൂടുതലായി മരണപ്പെട്ടു.
പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനം ആളുകളിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ പ്രകടമായി. പൊതുവേ പറഞ്ഞാൽ ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10 -12 ശതമാനമായി വർധിച്ചു.
കോവിഡ് കാലത്തെ അദ്ഭുതം
ഇനി മറ്റൊരു വിജയകരുമായ പ്രതിഭാസവും കോവിഡ്-19 വ്യാപനകാലത്ത് കാണുകയുണ്ടായി. സാധാരണ ഹാർട്ടറ്റാക്കുമായി ആശുപത്രിയിലെത്തുന്നവരുടെ സംഖ്യ 40-50 ശതമാനത്തോളം കുറയുകയുണ്ടായി.
ഇതു കോവിഡ്-19 ബാധ ഉണ്ടായിട്ടില്ലാത്തവരുടെ പൊതുവായ കണക്കാണെന്നോർക്കണം. ലോകമെന്പാടും ഇന്ത്യയിലും ഈ അദ്ഭുതകരമായ പരിവർത്തനം കാണപ്പെട്ടു.
കേരളത്തിലെ ആശുപത്രികളിൽ പുതുതായുണ്ടാകുന്ന ഹാർട്ടറ്റാക്കുമായി എത്തുന്നവരുടെ സംഖ്യ 50 ശതമാനത്തോളം കുറയുന്നതായി കണ്ടു. ഇതിനു പിന്നിൽ പല ഘടകങ്ങളാണ് അനുകൂലമായി പ്രവർത്തിച്ചത്.
ലോക്ക്ഡൗണിന്റെ ആദ്യദശയിൽ പൊതുവെയുള്ള സ്ട്രെസ് നല്ലൊരു പരിധിവരെ കുറഞ്ഞുകണ്ടു. മലയാളികളുടെ അകാരണമായ ആക്രാന്തവും വെപ്രാളവും ഏതാണ്ട് 30 ശതമാനമായി കുറഞ്ഞു.
ട്രാഫിക് ബ്ലോക്കില്ല, നീണ്ട ക്യൂവില്ല, സമയത്തെ വെട്ടിപ്പിടിക്കാനുള്ള പരാക്രമമില്ല. ഏറെ നേരം വിശ്രമിക്കാനും ഉറങ്ങാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സാധിച്ചു.
ഇത് അടുത്ത കാലത്തെങ്ങും കേരളത്തിലുണ്ടായിട്ടില്ലാത്ത പ്രതിഭാസമാണെന്നോർക്കണം.രണ്ടാമത്തെ കാരണം, വിഷപ്പുക അന്തരീക്ഷത്തിലേക്കും തുപ്പുന്ന ഫാക്ടറികളുടെ ലോക്ക്ഡൗണ്, വാഹനങ്ങളുടെ കുറവ്, നിർത്തിവച്ച വിമാനയാത്രകൾ എല്ലാം അന്തരീക്ഷ വായുവിനെ ശുദ്ധീകരിച്ചു.
യൂറോപ്യൻ സ്പേസ് സാറ്റലൈറ്റ് ഏജൻസിയുടെ പഠനപ്രകാരം 2019 മാർച്ചിലുണ്ടായിരുന്നതിനേക്കാൾ 40-60 ശതമാനംവരെ അന്തരീക്ഷ മലിനീകരണം ഈ മാർച്ച് മാസത്തിൽ കുറഞ്ഞതായി കണ്ടു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വായു മലിനീകരണംമൂലം പ്രതിവർഷം മൂന്നു ദശലക്ഷം പേരാണ് ലോകമെന്പാടും മരണപ്പെടുന്നത്.
2019 ഏപ്രിൽ മാസത്തെ കണക്കുകളെ അപേക്ഷിച്ച് അന്തരീക്ഷ വിഷവാതകങ്ങളായ നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബണ് ഡയോക്സൈഡ് തുടങ്ങിയവയുടെ തോതിൽ 2020 ഏപ്രിലിൽ 40-50 ശതമാനം കുറവുണ്ടായി എന്നോർക്കണം.
പിന്നെ കൃത്യമായ ഭക്ഷണച്ചിട്ടകൾ, സമയം തെറ്റാതെയുള്ള ഒൗഷധസേവ ഈ ഘടകങ്ങളെല്ലാം ശരീരത്തെയും മനസിനെയും അസ്വാസ്ഥ്യരഹിതമായ സന്തുലിതാവസ്ഥയിൽ കൊണ്ടെത്തിച്ചു. ശരീരത്തിനും മനസിനും സ്വാസ്ഥ്യമുണ്ടെങ്കിൽ പിന്നവിടെ രോഗത്തിനു സ്ഥാനമുണ്ടോ?
കോവിഡ് ഭയത്തിൽ ചിലർ…
ഇനി മറ്റൊരു കൂട്ടർ കോവിഡ്-19 വ്യാപനത്തോടനുബന്ധിച്ചുള്ള ഭയംമൂലം ചെറുതും വലുതുമായ രോഗങ്ങൾക്ക് ആശുപത്രികളിൽ പോകാതായി.
ആശുപത്രികളിൽ എത്തിയാൽ കോവിഡ്-19 ബാധിക്കാനുള്ള സാധ്യതയേറെയുണ്ടെന്നു ഭയന്ന് വീട്ടിൽനിന്നു പുറത്തിറങ്ങാത്തതും പൊതുവായി ആശുപത്രികളിൽ രോഗികൾ കുറയുന്നതിനും കാരണമായി.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം