പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിൽ ഒരുപാടുമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്റെ ഭാഗമായി ശരീരത്തിലെ അവയവങ്ങളുടെ കാര്യക്ഷമത കുറയുകയും ചെയ്യും. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇതിന്റെ അനന്തര ഫലമായി പല രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
അസ്ഥി സന്ധികൾ, അസ്ഥിസന്ധികളോടനുബന്ധിച്ചുള്ള പേശികൾ എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ, വൈകാരികാവസ്ഥകളിൽ മാറ്റങ്ങൾ എന്നിവയോടൊപ്പം ഹൃദയത്തിലും തലച്ചോറിലും കൂടി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്.
ഈസ്ട്രജൻ ഇല്ലാതാകുന്പോൾ
ആർത്തവവിരാമ ശേഷം സ്ത്രീകളിൽ പ്രത്യേകിച്ച് അണ്ഡാശയങ്ങൾ പ്രവർത്തനരഹിതമാകുന്നതിനെ തുടർന്ന് ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഇല്ലാതാവുകകൂടി ആകുമ്പോൾ അതിന്റെ തുടർച്ചയായും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്.
അതുകൊണ്ടാണ് സ്ത്രീകളിൽ, പുരുഷന്മാരെ അപേക്ഷിച്ച് പ്രായം കൂടുന്ന കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ആർത്തവ വിരാമ ശേഷം സ്ത്രീകളിൽ രക്തസമ്മർദം ഉയരുന്നതിനും ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നതിനും ഉള്ള സാധ്യത കൂടുന്നതും അങ്ങനെയാണ്.
പിടിവാശി നല്ലതാണോ?
ചില സ്ത്രീകളുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളും പ്രശ്നമാണ്. പിടിവാശി, മാനസിക സംഘർഷം, പുകവലി, മദ്യപാനം, ആഹാര കാര്യത്തിലെ നല്ലതല്ലാത്ത താൽപര്യങ്ങൾ, ശരീരം അനങ്ങാതെയുള്ള ജീവിതരീതി എന്നിവ സ്ത്രീകളുടെ ജീവിതരീതിയിൽ കൂടി വരികയാണ്.
സ്ത്രീകളിൽ, പ്രത്യേകിച്ച് ആർത്തവവിരാമ ശേഷം ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കു കൂടുതൽ സാധ്യത ഉണ്ടാക്കുന്നത് ഇങ്ങനെ മാറിയ ജീവിതശൈലിയാണ്.
ഈസ്ട്രജൻ സംരക്ഷണം കുറയുന്പോൾ
ഒരുപാടു സ്ത്രീകളിൽ മരണത്തിന് കാരണമാകുന്നത് ഹൃദയധമനീ രോഗങ്ങളാണ്. പ്രായത്തിന്റെ കാര്യംവച്ച് നോക്കുമ്പോൾ പുരുഷന്മാരിൽ സംഭവിക്കുന്നതിലും കൂടുതലായി പത്ത് വർഷത്തോളം വൈകിയാണ് സ്ത്രീകളിൽ ഹൃദയധമനീ രോഗങ്ങൾ ഉണ്ടാകുന്നത്.
ആർത്തവ വിരാമത്തിന് മുൻപ് ഈസ്ട്രജൻ എന്ന ഹോർമോൺ ഹൃദയത്തിന് നൽകുന്ന സംരക്ഷണമാണ് ആർത്തവ വിരാമത്തിന് മുൻപ് ഹൃദയധമനീ രോഗങ്ങൾ സ്ത്രീകളിൽ അധികമായി വരാതിരിക്കാൻ സഹായിക്കുന്നത്.
ആർത്തവ വിരാമത്തോടെ ഈ സംരക്ഷണം ഇല്ലാതാവുകയും നെഞ്ചുവേദന, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യും.
തടിയും തൂക്കവും രക്തസമ്മർദവും
ആർത്തവ വിരാമത്തോടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ പല തരത്തിലാണ് കുറവുകൾ സംഭവിക്കുന്നത്. ഹൃദയ പേശികൾക്കു സങ്കോചിക്കാനുള്ള ശേഷിയിൽ കുറവുണ്ടാകാവുന്നതാണ്.
ഇതിന്റെ ഫലമായി മറ്റ് അവയവങ്ങളിലേക്കുള്ള രക്ത പ്രവാഹത്തിലും കുറവുണ്ടാകും. ഇതിന്റെ തുടർച്ചയായി സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലമായി ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുന്നു.
പല സ്ത്രീകളിലും ആർത്തവവിരാമ ശേഷം ശരീരത്തിൽ തടിയും തൂക്കവും കൂടാറുണ്ട്. രക്തസമ്മർദവും ഉയരാറുണ്ട്. ഈ പറഞ്ഞ പ്രശ്നങ്ങളോടൊപ്പം പ്രമേഹവും കൂടി ഉണ്ടാവുകയാണെങ്കിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുടെ ചിത്രം പൂർണമാകുകയാണ് ചെയ്യുന്നത്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393