ഓരോ വ്യക്തിയിലെയും ഹൃദ്രോഗ അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താൻ നിർദേശിക്കപ്പെട്ടിട്ടുള്ള മാർഗരേഖകളിൽ എല്ലാംതന്നെ പ്രായം, ലിംഗം, പ്രഷർ, പുകവലി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ പല നൂതന ആപത്ഘടകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്റ്റീവ് പ്രോട്ടീൻ, പാരന്പര്യ പ്രവണത, മനോസംഘർഷം, ഹീമോഗ്ലോബിൻ എ 1 സി ഇവയെല്ലാം ഓരോ തരത്തിൽ ഹൃദ്യോഗസാധതയെ ഉദ്ദീപിപ്പിക്കുന്നു.
പാരന്പര്യപ്രവണത നിയന്ത്രണാതീതം
അപകട ഘടകങ്ങളുടെ പ്രസക്തി വിലയിരുത്താൻ ആദ്യമായി സംവിധാനം ചെയ്യപ്പെട്ട പഠനം ‘ഫ്രാമിങ്ങാം ഹാർട്ട് സ്റ്റഡി’യാണ്. 1948-ലാണ് ഈ പഠനമാരംഭിച്ചത്.
52 രാജ്യങ്ങളിൽനിന്നായി 27,000 ആൾക്കാരെ ഉൾപ്പെടുത്തി നടത്തിയ അതിബൃഹത്തായ മറ്റൊരു പഠനത്തിൽ (ഇന്റർഹാർട്ട്) ഒൻപത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമർദം, പ്രമേഹം, ദുർമേദസ്, വ്യായമക്കുറവ്, ഭക്ഷണശൈലി, കൊളസ്ട്രോൾ, മദ്യം, സ്ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കാൻ ഹേതുവാകുന്നുവെന്നു തെളിഞ്ഞു.
ആപത്ഘടകങ്ങളിൽ ഏറ്റവും ശക്തമായ പാരന്പര്യപ്രവണത നിയന്ത്രണാതീതമായി നിലകൊള്ളുന്നു. മറ്റ് ആപത്ഘടകങ്ങളെ സമയോചിതമായി നിയന്ത്രണവിധേയമാക്കുകവഴി 90 ശതമാനംവരെ ഹൃദ്രോഗത്തിന്റെ പിടി വിട്ടുനിൽക്കാം.
അമിത രക്തസമ്മർദം
കോവിഡ്-19 വ്യാപനകാലത്തു മരണപ്പെട്ടവരിൽ നല്ലൊരു ശതമാനം അമിത രക്തസമ്മർദമുള്ളവരുണ്ട്. അമിത രക്തസമ്മർദം നിയന്ത്രിക്കപ്പെടാതെപോയാൽ അതും ഹാർട്ടറ്റാക്ക്, ഹൃദയ പരാജയം, സ്ട്രോക്ക്, വൃക്കപരാജയം, അന്ധത, മറവിരോഗം തുടങ്ങിയ രോഗാവസ്ഥകളിലേക്കും രോഗിയെ വലിച്ചിഴയ്ക്കുന്നു.
പ്രഷർ ചികിത്സക്കായി വിപണിയിൽ നിരവധി മരുന്നുകൾ സുലഭമാണെങ്കിലും സമുചിതമായ പ്രതിരോധ മാർഗങ്ങളിലൂടെ ഈ ’നിശബ്ദ കൊലയാളി’യുടെ പിടിവിട്ടു നിൽക്കുന്നതുതന്നെ ഉചിതം. അതിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ:
1. സമീകൃതാഹാരം കഴിക്കുക. കറിയുപ്പ് കുറഞ്ഞ, ഇന്തുപ്പ് കൂടുതലുള്ള ഭക്ഷണമുറകൾക്കു പ്രാമുഖ്യം കൊടുക്കുക.
2. കൃത്യവും ഉൗർജസ്വലവുമായ എയ്റോബിക് വ്യായാമമുറകൾ പരിശീലിക്കുക. (നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, ഡാൻസിംഗ്.ദിവസേന കുറഞ്ഞത് 30-45 മിനിട്ട് വ്യായാമം ആഴ്ചയിൽ ആറു ദിവസമെങ്കിലും ചെയ്യുക.
3. ശരീരഭാരം സന്തുലിതമാക്കുക. ബിഎംഐ 25-ൽ താഴെ നിലനിർത്തണം. 25-ൽ കൂടിയാൽ അമിതഭാരവും 30-ൽ കൂടിയാൽ ദുർമേദസുമായി. പൊക്കവും ഭാരവും തമ്മിലുള്ള അനുപാതമാണ് ബോഡി- മാസ് ഇൻഡക്സ്.
4. മദ്യപാനം പ്രഷർ വർധിക്കാൻ കാരണമാകുന്നു.
4. പുകവലിക്കുന്പോൾ രക്താതിസമ്മർദം കുതിച്ചുയരുന്നു.
6. സ്ട്രെസ് നിയന്ത്രിക്കപ്പെടാതിരുന്നാൽ സ്ഥിരമായ അമിത രക്തസമ്മർദമാണ് ഫലം. സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി ഏറെ പ്രധാനം.
ദിവസേന 7-8 മണിക്കൂർ ഉറങ്ങണം. ഉറക്കക്കുറവ് പ്രഷർ വർധിക്കുന്നതിനുള്ള കാരണമാണ്.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം