നാഗ്പുർ: അവളെന്റെ ഹൃദയം കട്ടെടുത്തു സാറേ.. എങ്ങനെയെങ്കിലും കണ്ടെത്തി തിരിച്ചെടുത്തുതരണം..! പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ഒരു യുവാവിന്റെ ആവശ്യമായിരുന്നു ഇത്. യുവാവിന്റെ പരാതിക്ക് എന്തു മറുപടി നൽകണമെന്ന് അറിയാതെ പോലീസ് കുഴങ്ങി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുമായി വരെ ഈ സംഭവം ചർച്ച ചെയ്യേണ്ടിവന്നു.
നാഗ്പുർ പോലീസ് കമ്മീഷണർ ഭൂഷണ് കുമാർ ഉപാധ്യയ കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവെയാണ് നാഗ്പൂരിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന സംഭവം വെളിപ്പെടുത്തിയത്. താൻ കണ്ടുമുട്ടിയ ഒരു പെണ്കുട്ടി തന്റെ ഹൃദയം മോഷ്ടിച്ചെന്നും അത് തിരിച്ചെടുത്തു തരണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
പരാതി നൽകാതെ പിന്നോട്ടില്ലെന്ന നിലപാടിൽ യുവാവ് ഉറച്ചുനിന്നതോടെ പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തു. ഒടുവിൽ “മോഷ്ടിക്കപ്പെട്ട ഹൃദയം’ സംബന്ധിച്ച പരാതി അന്വേഷിക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരനെ പോലീസ് തിരിച്ചയയ്ക്കുകയായിരുന്നു.
മോഷ്ടിക്കപ്പെട്ട വസ്തുക്കൾ പോലീസ് കണ്ടെത്തി തിരിച്ചുനൽകും, എന്നാൽ ചിലപ്പോൾ പരിഹരിക്കാൻ കഴിയാത്ത ഇത്തരം ചില പരാതികൾ ഉണ്ടാകാം- കമ്മീഷണർ പറയുന്നു.