കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്.
കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്.
കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്.
വ്യവസായശാല പോലെ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും.
വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം.രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്.
പല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്.
കൂടുതൽ പോഷകാംശങ്ങളുടെയും ആഗീരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു വയ്ക്കാനും കരളിനു കഴിവുണ്ട്.
എൺപതു ശതമാനം ഇല്ലാതായാലും
ശരീരത്തിനകത്ത് പ്രവേശിക്കുന്ന, ആരോഗ്യത്തിന് നല്ലതല്ലാത്ത പദാർത്ഥങ്ങളെ നിർവീര്യമാക്കാനുള്ള പ്രവർത്തനമാണ് കരളിന്റെ ധർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.
നാം കഴിക്കുന്ന മരുന്നുകൾ ഫലപ്രദമാകാൻ സഹായിക്കുന്നതും കരളാണ്. അനേകം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കരളിന് സ്വന്തമായി കഴിവുണ്ട്.
കരളിന്റെ എൺപത് ശതമാനം വരെ പ്രവർത്തനം ഇല്ലാതായാൽ പോലും അത് പുനർനിർമാണം നടത്തുന്നതിനും വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനും കൂടി കരളിന് കഴിയുന്നതാണ്. അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിച്ചാൽ മതി.
പ്രതികൂല സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് കരളിന് ഉണ്ടെങ്കിലും കരളിനെ ചില രോഗങ്ങൾ ബാധിക്കാവുന്നതാണ്.
ആ രോഗങ്ങളിൽ ചിലതെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിന് കരളിന്റെ ആരോഗ്യം സംരക്ഷിക്കണം എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
മഞ്ഞപ്പിത്തം
കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി കാണുന്നതും അണുബാധ കാരണം ഉണ്ടാകുന്നതുമായ കരൾരോഗം മഞ്ഞപ്പിത്തമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസുകളാണ് സാധാരണയായി കൂടുതൽ പേരിലും മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് കാരണമാകൂന്നത്.
ഹെപ്പറ്റൈറ്റിസ് ജി വൈറസ് എന്ന് മുൻപ് പറഞ്ഞിരുന്ന വേറൊരു വൈറസും കൂടിയുണ്ട്. അത് ഇപ്പോൾ ജി ബി വൈറസ് എന്നാണ് അറിയപ്പെടുന്നത്.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ ശുദ്ധമല്ലാത്ത ആഹാരപദാർത്ഥങ്ങൾ, പാൽ, മറ്റ് പാനീയങ്ങൾ, വെള്ളം എന്നിവയിലൂടെയാണ് പകരാറുള്ളത്.
ഈ വൈറസുകളിലൂടെ ബാധിക്കുന്ന മഞ്ഞപ്പിത്തം ചികിത്സിച്ചാലും ഇല്ലെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ മാറുന്നതാണ്. ചികിത്സയുടെ ഭാഗമായി ഏറ്റവും നന്നായി ശ്രദ്ധിക്കേണ്ടത് ശുചിത്വം, വിശ്രമം എന്നിവ ആയിരിക്കണം. (തുടരും)