ഗാന്ധിനഗർ: ഓട നിർമാണത്തിന് കുഴിയെടുത്ത മണ്ണ് നീക്കം ചെയ്യാത്തതു മൂലം ഹൃദ്രോഗികളെ ഒപിയിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്നു. കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം കെട്ടിടത്തിനു സമീപമാണ് സംഭവം.
ഹൃദയ ശസ്ത്രക്രിയ വിഭാഗം കെട്ടിട പുനർനിർമാണത്തിനും ഓട നിർമിക്കുന്നതിനുമായി ഹൃദ്രോഗ വിഭാഗം കെട്ടിടത്തിന്റെ വലതുഭാഗത്ത് ആഴത്തിൽ കുഴിയെടുത്തു.
നാളുകൾ കഴിഞ്ഞിട്ടും ഓട നിർമാണവും ആരംഭിച്ചിട്ടില്ല. ഇതോടെ കുഴിയെടുത്ത മണ്ണ് റോഡിന്റെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങളിൽ രോഗികളുമായി ഒപിയിലേക്ക് എത്തുന്നവർക്ക് രോഗികളെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
വാഹനത്തിൽ രോഗിയെ എത്തിച്ചശേഷം ഒപിയിൽ ചെന്ന് ബന്ധുക്കൾ സ്ട്രച്ചർ കൊണ്ടുവന്നു എടുത്തു കയറ്റി അല്പദൂരം തള്ളിക്കൊണ്ടുപോയി വേണം ആശുപത്രിക്കകത്തു കയറ്റാൻ.
ഇങ്ങനെ ഹൃദ്രോഗികളെ സ്ട്രച്ചറിൽ കിടത്തി തള്ളിക്കൊണ്ടു പോകുന്നത് രോഗികൾക്ക് ശാരിരിക ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടാണെന്ന് ആക്ഷേപമുണ്ട്. ഓട നിർമാണത്തിനായി കുഴിയെടുത്തിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്.