തിരുവനന്തപുരം: ലോക ഹൃദയ ദിനമായ ഇന്ന് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റ് അതുല്‍ കുമാര്‍ പവാറിന്റെ (24) ഹൃദയം തൃപ്പൂണ്ണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടില്‍ (50) തുടിക്കും. മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അതുല്‍ കുമാറിന്റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്.
ഹരിയാന, പഞ്ച്കുല, സെക്ടര്‍ 20, ഫ്ളാറ്റ് നമ്പര്‍ കെ. 52 ജിഎച്ച്എസ് 92 സ്വദേശി രാജ്ബിര്‍ സിംഗ് പവാറിന്റെ മകനായ അതുല്‍ കുമാര്‍ പവാര്‍ സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്കു വിനോദയാത്ര പോയ ശേഷം മടങ്ങവെ 24നു രാത്രി 11ന് അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുല്‍ കുമാറിനേയും മറ്റുള്ളവരേയും ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന അതുല്‍ കുമാറിനെ പിറ്റേന്ന് രാവിലെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും 27നു മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ബന്ധുക്കള്‍ അവയവ ദാനത്തിനു സന്നദ്ധത അറിയിക്കുകയും ചെയ്തു.
മകന്റെ അവയവങ്ങള്‍ സൈനിക സേവനം ചെയ്യുന്ന ഏതെങ്കിലും രോഗികള്‍ക്ക് നല്‍കണമെന്നായിരുന്നു രാജ്ബിര്‍ സിംഗിന്റെ ആഗ്രഹം. തുടര്‍ന്നു നാവിക സേന ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ നാഷണല്‍ ഓര്‍ഗണ്‍ & ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി (NOTTO) ബന്ധപ്പെട്ടു. അവര്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെടുകയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് അടിയന്തരമായി ഇടപെടുകയും കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗൻ ഷെയറിംഗ് (KNOS) അഥവാ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവുമായി ചര്‍ച്ച ചെയ്ത് അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്കി. മൃതസഞ്ജീവനി കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി. അനീഷ്, വിനോദ് കുമാര്‍ എന്നിവര്‍ കൊച്ചിയിലെത്തി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.എസ്. ശരണ്യ അയവ വിന്യാസം നടത്തി.
ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ഇപ്പോള്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു ഇവിടത്തേയും മസ്തിഷ്ക മരണ സ്ഥിരീകരണം.
ഡെപ്യൂട്ടി ഡിഎംഒ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആറു മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. രണ്ടു പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.
ഹൃദയം, കരള്‍, രണ്ടു വൃക്കകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമെന്നു കണ്ട് ഡല്‍ഹിയിലെ നാവിക ആശുപത്രിയില്‍ ചികിത്സയിലുള്ളയാള്ക്കു നോട്ടോ (NOTTO) വഴി കരള്‍ നല്‍കാനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവര്‍ക്കെത്താനായില്ല. തുടര്‍ന്നു നോട്ടൊയുടെ നിര്‍ദേശ പ്രകാരം ബാംഗളൂരുവിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നല്കാന് തീരുമാനമായി. വ്യാഴാഴ്ച രാവിലെ 8.30ന് വ്യോമ സേനയുടെ പ്രത്യേക വിമാനത്തിലാണു ബംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്കു വൃക്ക കൊണ്ടുപോയത്.
ബാക്കി അവയവങ്ങള്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ അനുയോജ്യരായ രോഗികള്‍ക്കു നല്കാന് തീരുമാനമായി. കരളും ഒരു വൃക്കയും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കു നല്കി. ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുബ്രഹ്മണ്യ ഭട്ടിനാണു നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ നാലാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണു കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേദിയായത്.
സമയബന്ധിതമായി അവയവങ്ങള്‍ ആശുപത്രിയിലെത്തിക്കാനായി ഗതാഗത നിയന്ത്രണത്തിനായുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് നിര്‍വഹിച്ചു. എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേഷ്, കോട്ടയം എസ്പി വി.എം. മുഹമ്മദ് റഫീക്ക് എന്നിവര്‍ നേതൃത്വം നല്‍കിയാണ് വേണ്ട സൗകര്യങ്ങളൊരുക്കിയത്.
രാവിലെ 10.30 ന് കൊച്ചി ആസ്റ്റര്‍ സിറ്റിയില്‍നിന്നും ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കേവലം ഒരു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഗതാഗത കുരുക്കുകളെല്ലാം പരിഹരിച്ച് ഹൃദയം കോട്ടയത്തെത്തിച്ചത്.
ഹൃദയം കൈമാറി വീണ്ടും കോട്ടയം മെഡി. കോളജ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഉദയംപേരൂർ ശ്രീലക്ഷ്മി വീട്ടിൽ സുബ്രഹ്മണ്യ ഭട്ടാണ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ഹരിയാന സ്വദേശിയായ അതുൽ കുമാറി (24)ന്റെ ഹൃദയമാണ് സുബ്രഹ്മണ്യഭട്ടിൽ വച്ചുപിടിപ്പിച്ചത്.
മെഡിക്കൽ കോളജ് കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവച്ചത്.
ബുധനാഴ്ച രാത്രി 7.30 നാണ് കൊച്ചിയിൽ ഒ പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയമുണ്ടെന്ന വിവരം കോട്ടയം മെഡിക്കൽ കോളജിൽ ലഭിക്കുന്നത്. എന്നാൽ, രാത്രി 10നാണ് ഹൃദയം കോട്ടയത്തിനു ലഭിക്കുമെന്നുറപ്പായത്. തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടിനു സുബ്രഹ്മണ്യത്തെ ആശുപത്രിയിലേക്കു വിളിച്ചു വരുത്തി അഡ്മിറ്റ് ചെയ്യുകയായിരുന്നു. രാവിലെ ഏഴിന് കൊച്ചിയിലേക്കു പുറപ്പെട്ട ഡോക്ടർമാരടങ്ങുന്ന സംഘം പതിനൊന്നോടെ ഹൃദയവുമായി മടങ്ങിയെത്തി. തുടർന്ന് ഉച്ചയ്ക്കു 12.20ഓടെ ഹൃദയം സുബ്രഹ്മണ്യത്തിൽ വച്ചു പിടിച്ചു. ഉച്ചകഴിഞ്ഞ് 1.30ന് സുബ്രഹ്മണ്യത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വെന്റിലേറ്ററിൽ കഴിയുന്ന സുബ്രഹ്മണ്യം പ്രത്യേക നിരീക്ഷണത്തിലാണ്.
എറണാകുളത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികളെ സ്കൂളിലേക്കു എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുബ്രഹ്മണ്യം 2013 മുതൽ ഹൃദ്രോഗ ചികിത്സയിലായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. കാഴ്ചയില്ലാത്ത മായയാണ് ഭാര്യ. മക്കൾ വിദ്യാർഥികളായ ഭവ്യശ്രീ, ഭാഗ്യശ്രീ.
ദിവസങ്ങൾക്കു മുന്‍പുണ്ടായ അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച അതുൽ കുമാർ കൊച്ചിയിൽ നേവി ഓഫീസറായിരുന്നു.
2015 സെപ്റ്റംബർ 15നാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ നടന്നത്. ഡോ. ടി.കെ. ജയകുമാറിനു പുറമേ ഡോ. രതീഷ്, ഡോ. ജോസഫ്, ഡോ. വിനീത, ഡോ.ശിവപ്രസാദ്, അനസ്തേഷ്യ വിഭാഗം വിദഗ്ധൻ ഡോ. എൽസമ്മ, ഡോ. തോമസ്, ഡോ.സഞ്ജീവ് തന്പി, ഫെർഫ്യൂഷനിസ്റ്റുമാരായ രാജേഷ്, മെൽവിൻ, ടോണി എന്നിവരാണ് ശസ്ത്രകിയയ്ക്കു നേതൃത്വം നൽകിയത്.