ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ചങ്ങനാശേരി കാവാലം സ്വദേശിയും കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിൻസിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യനാണ് (ജോമോൻ-39) ഹൃദയം മാറ്റിവച്ചത്.
അപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച അർധരാത്രിക്കുശേഷം മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷ് (37) എന്ന യുവാവിന്റെ ഹൃദയമാണ് ഫാ. ജോസഫിനു വച്ചു പിടിപ്പിച്ചത്.
രണ്ടു വർഷമായി ഫാ. ജോസഫ് കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു.
ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്.
ഉടൻ കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചേരാൻ ആവശ്യപ്പെടുകയായിരുന്നു. ഫാ. ജോസഫ് മെഡിക്കൽ കോളജിലെത്തിയശേഷം വിദഗ്ധ പരിശോധനകൾ നടത്തി.
തുടർന്ന് ഇന്നലെ പുലർച്ചെ 2.30ന് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ, പെർഫ്യൂഷനിസ്റ്റ് ടെക്നീഷന്മാർ അനസ്തേഷ്യാ ഡോക്ടർമാർ, നഴ്സസ്, ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ എന്നിവർ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.
വൈകിട്ട് 4.47ന് ഹൃദയവുമായുള്ള ആംബുലൻസ് മെഡിക്കൽ കോളജിലെത്തിയ ഉടൻ ഹൃദയം കൊണ്ടുവന്ന പേടകവുമായി ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ ജിമ്മി ജോർജിന്റെ നേതൃത്വത്തിൽ ഹൃദയ ശസ്ത്രക്രിയാ തിയറ്ററിൽ എത്തിച്ചു.
ഈ സമയം ഫാ. ജോസഫിന്റെ ശരീരത്തിൽ ഹൃദയം വച്ചു പിടിപ്പിക്കുന്നതിനുള്ള ക്രമീകരണം പൂർത്തീകരിച്ചിരുന്നു. ഒരു മിനിറ്റു പോലും നഷ്ടപ്പെടുത്താതെ ഫാ. ജോസഫിന്റെ ശരീരത്തിൽ ഹൃദയം വച്ചുപിടിപ്പിച്ചു.
‘ഹാർട്ട് ഓഫ് കോട്ടയം’ ആംബുലൻസ് ഡ്രൈവർ ബിനോയിയാണ് ആംബുലൻസ് ഓടിച്ചിരുന്നത്. കിംസ് ആശുപത്രി മുതൽ കോട്ടയം മെഡിക്കൽ കോളജ് വരെ പൂജപ്പുര സ്റ്റേഷനിലെ എസ്ഐ സി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആംബുലൻസിനെ അനുഗമിച്ചിരുന്നു.
കൂടാതെ കടന്നുപോരുന്ന വഴികളിൽ മാർഗതടസം ഉണ്ടാകാതിരിക്കാൻ പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഹാർട്ട് ഓഫ് ആംബുലൻസിന്റെ എട്ട് ആംബുലൻസുകൾ തിരുവനന്തപുരം മുതൽ കോട്ടയം വരെ ട്രാഫിക് തടസം ഉണ്ടാകാതിരിക്കാൻ പോലീസ് വാഹനങ്ങൾക്കൊപ്പമുണ്ടായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ ഒന്പതാം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. 2016 സെപ്റ്റംബർ 16ന് പത്തനംതിട്ട സ്വദേശി പൊടിയന്റെ ഹൃദയമാണ് ആദ്യമായി മാറ്റിവച്ചത്.