ഗാന്ധിനഗര്: തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ഹൃദയവും ഇതര അവയവങ്ങളും നാല് മലയാളികള്ക്ക് ജീവസ്പന്ദനമായി. മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി എം. രാജയുടെ (36) ഹൃദയം ആലപ്പുഴ അമ്പലപ്പുഴ ഈസ്റ്റ് വാലേമഠം ഹരി വിഷ്ണു (26 )വിനാണു മാറ്റിവച്ചത്. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയാണ്.
ഡ്രൈവറായ രാജയെ തലച്ചോറില് രക്തസ്രാവത്തെ തുടര്ന്നു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില് വിദഗ്ധ ചികിത്സ നല്കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചു.അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കള് ആ സദ്പ്രവൃത്തിക്കു തയാറാകുകയായിരുന്നു. ഹൃദയം, കരള്, വൃക്കകള്, കണ്ണ് എന്നിവയാണ് ദാനം ചെയ്തത്.
ഹൃദയം കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലുള്ള ഹരി വിഷ്ണുവിനും ഒരു കിഡ്നിയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും കണ്ണ് തിരുവനന്തപുരം റീജണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്മോളജിക്കും നല്കി.
ബുധനാഴ്ച രാത്രിതന്നെ കോട്ടയം മെഡിക്കല് കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല് സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രിയില് പോലീസ് സഹായത്തോടെ ഗ്രീന് കോറിഡോര് ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല് കോളജിലെത്തിച്ചത്.
കാര്ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്. ഇന്നലെ പുലര്ച്ചെ ശസ്ത്രക്രിയ ആരംഭിച്ച് രാവിലെ 11നു പൂര്ത്തിയായി. മസ്തിഷ്ക മരണ നിര്ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്ക്ക് ഏകോപനവും നടത്തിയത് കോട്ടയം മെഡിക്കല് കോളജിലെ മൃതസഞ്ജീവനി കോ ഓർഡിനേറ്റര് ജിമ്മി ജോര്ജായിരുന്നു.രാജയുടെ ഭാര്യ എല്ലി സുമിത നാഗര്കോവില് കോടതിയിലെ താത്കാലിക ജീവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള മക്കളുണ്ട്.