കൊച്ചി: മംഗലാപുരത്തുനിന്ന് ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് ഇപ്പോഴും ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്.
കൂടാതെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കാസര്‍ഗോഡ് വിദ്യാനഗര്‍ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ പതിനഞ്ച് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മംഗലാപുരത്തുനിന്നും റോഡ് മാര്‍ഗം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് വ്യാഴാഴ്ച കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തി. കാര്‍ഡിയോ പള്‍മണറി ബൈപാസിലൂടെയാണ് കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടയ്ക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.