പോലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസ് കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ എന്തു ചെയ്യും. അന്വേഷിക്കും, അല്ലാതെ എന്തു ചെയ്യും. എന്നാല്‍ മോഷണം പോയത് ഒരു ഹൃദയമാണെങ്കിലോ, പോലീസ് പെട്ടതു തന്നെ. അത്തരം ഒരു കേസിന്റെ തലവേദനയിലാണ് മഹാരാഷ്ട്രയിലെ പോലീസ്.
നാഗ്പൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയാണ് ഇത്തരത്തില്‍ പോലീസുകാര്‍ക്ക് പുലിവാലായത്. ഒരു പെണ്‍കുട്ടി തന്റെ ഹൃദയം എടുത്തുകൊണ്ട് പോയെന്നും അത് കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്നുമാണ് യുവാവിന്റെ പരാതിയിലുള്ളത്.
വസ്തുക്കള്‍ കാണാതായി എന്നുള്ള പരാതികളില്‍ പോലീസ് നടപടിയെടുക്കാറുണ്ടെങ്കിലും ഈ പരാതിയില്‍ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. തുടര്‍ന്ന് യുവാവ് പരാതി പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് പരാതി കൈമാറുകയായിരുന്നു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതിക്കാരനുമായി സൗഹാര്‍ദ്ദപരമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. യുവാവിന്റെ പരാതിയിന്മേല് ഇന്ത്യന്‍ ഭരണഘടനയിലെ ഒരു നിയമവും വച്ച് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരന്റെ അപേക്ഷ പരിഗണിക്കാനാവില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം മോഷ്ടാവുമായി സംസാരിച്ച് മോഷണ വസ്തു തിരികെ തരാമെന്ന് പോലീസ് ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.