ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശിയായ വെങ്കിടേഷ് എന്ന യുവ എൻജിനീയറുടെ ജീവിതകഥ അത്ഭുതപ്പെടുത്തുക മാത്രമല്ല, നൊന്പരപ്പെടുത്തുകയും ചെയ്യും. 32കാരനായ എൻജിനീയർക്ക് ഏഴു വർഷത്തിനിടെ രണ്ടുതവണയാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നത്. ലോകത്തിൽതന്നെ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്!
2016ലാണ് വെങ്കിടേഷിന് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണു ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. 2018ൽ വെങ്കിടേഷും രൂപശ്രീയും വിവാഹിതരായി.
2020ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും നടുവേദനയും വെല്ലുവിളിയായി മാറി. മാറ്റിവച്ച ഹൃദയത്തിലെ ധമനികൾ സങ്കോചിച്ചതിനാൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാകുകയായിരുന്നു. 75 ശതമാനമാണ് അതിജീവന സാധ്യത എന്നറിഞ്ഞിട്ടും വെങ്കിടേഷും രൂപശ്രീയും മനഃസാന്നിധ്യം കൈവിട്ടില്ല. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 2023 ഡിസംബറിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി.
ആദ്യമൊക്കെ രക്തസ്രാവം വെല്ലുവിളിയായെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചു. ആറുമാസമായി ആരോഗ്യവാനാണ് വെങ്കിടേഷ്. ഇപ്പോൾ ജോലിചെയ്യുന്നുണ്ട്. കുടുംബവുമായി സന്തോഷത്തോടെ വെങ്കിടേഷ് കഴിയുന്നു.