സിജോ പൈനാടത്ത്
കൊച്ചി: വൈദ്യശാസ്ത്രലോകത്തെ അതുല്യനേട്ടത്തിനു ഇന്ന് അര നൂറ്റാണ്ടു തികയുന്നു. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതിന്റെ അന്പതാം വാർഷികമാണു നാളെ. ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട് ഷൂർ ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. ക്രിസ്റ്റ്യൻ ബർണാഡാണ് 1967 ഡിസംബർ മൂന്നിനു ചരിത്രപരമായ ശസത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.
കാറപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഇരുപത്തിനാലുകാരി ഡെന്നീസ് ഡാർവാലിന്റെ ഹൃദയം അന്പത്തിനാലുകാരനായ ലൂയിസ് വാഷ്കാൻസ്ക്കിയിലാണ് ഡോ. ബർണാഡ് തുന്നിച്ചേർത്തത്. പുതുഹൃദയവുമായി ലൂയിസ് ജീവിച്ചത് പതിനെട്ടു നാൾ. തൊട്ടടുത്ത വർഷം ഡോ. ബർണാഡ് നടത്തിയ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഹൃദ്രോഗിയായ ഫിലിപ്പ് ബ്ലെയ്ബർഗിനു പത്തൊന്പതു മാസം അധികം ജീവിക്കാനായി.
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 1994 ൽ ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണു നടന്നത്. ഡോ. പി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 2003 മേയ് 13നു കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഹൃദയം മാറ്റിവയ്ക്കലായിരുന്നു ഇത്.
വാഹനാപകടത്തിൽ പരിക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച പറവൂർ സ്വദേശി സുകുമാരനായിരുന്നു ഹൃദയദാതാവ്. മാന്നാർ സ്വദേശിയായ ഏബ്രഹാമിലാണു ഡോ. ജോസ് ചാക്കോ സുകുമാരന്റെ ഹൃദയം വിജയകരമായി തുന്നിച്ചേർത്തത്. ഇതുൾപ്പടെ 23 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു. കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ നാൽപതോളം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.
21 ശസ്ത്രക്രിയ നടന്ന എറണാകുളം എറണാകുളം ലിസി ആശുപത്രിയാണ് ഇതിൽ മുന്നിൽ. ഒരിക്കൽ ഹൃദയം മാറ്റിവച്ച പാലക്കാട് സ്വദേശി ഗിരീഷിൽ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരായി നടത്തിയതിന്റെ ചരിത്രനേട്ടവും പത്മശ്രീ ജേതാവായ ഡോ. പെരിയപ്പുറത്തിന്റെ പേരിലുള്ളതാണ്. ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യത്തേതാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെലവു കുറവും ഫലപ്രദവുമാണെന്നു ലിസി ആശുപത്രിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയായ ഡോ. ജോസ് ചാക്കോ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ചെലവിന്റെ മൂന്നിലൊന്നു തുകയാണു കേരളത്തിലാവുക.
സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ യാഥാർഥ്യങ്ങളറിയാതെ അവയവദാനത്തിനെതിരേ രംഗത്തെത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ചു മലയാളികൾ കൂടുതൽ അവബോധമുള്ളവരാവണമെന്നും ഡോ. പെരിയപ്പുറം പറഞ്ഞു.
തമിഴ്നാടിനാണ് ഹൃദയം മാറ്റിവയ്ക്കലുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം. ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ സുവർണജൂബിലി ആഘോഷങ്ങൾ നാളെ കൊച്ചിയിൽ നടക്കുന്പോൾ, പുതുഹൃദയവുമായി പുതുജീവിതം സ്വന്തമാക്കിയ നിരവധിപ്പേരെത്തും.