സിജോ പൈനാടത്ത്
കൊച്ചി: അപരനു ജീവൻ പകുത്തുനൽകാനുള്ള നന്മമനസിൽ നിന്നു മലയാളി അകലുന്നു. കേരളത്തിൽ അവയവദാനങ്ങളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായെന്നു സർക്കാരിന്റെ കണക്കുകൾ തന്നെയാണു ചൂണ്ടിക്കാട്ടുന്നത്.
ഹൃദയം, കരൾ, വൃക്ക എന്നിവ മറ്റുള്ളവർക്കു ദാനം ചെയ്യുന്നതിൽ മലയാളി പിന്നോട്ടുപോകുന്നതായി സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ (കെഎൻഒഎസ്-മൃതസഞ്ജീവനി) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
2016-ൽ മസ്തിഷ്ക മരണം സംഭവിച്ച 18 പേരുടെ ഹൃദയംദാനം ചെയ്തപ്പോൾ 2017 ൽ ആകെ നടന്നത് അഞ്ചു ഹൃദയം മാറ്റിവയ്ക്കൽ മാത്രം. 2015-ൽ 14 പേരുടെ ഹൃദയങ്ങൾ മറ്റുള്ളവർക്കു പുതുജീവനായി. 2013ലും 2014ലും ആറു പേർ വീതം ഹൃദയം നൽകി.
കഴിഞ്ഞ വർഷം 15 പേരാണു കരൾദാനം നടത്തിയത്. 2015ൽ 62ഉം 2016ൽ 64ഉം പേർ കരൾദാനം ചെയ്തു വൃക്കദാതാക്കളുടെ എണ്ണത്തിലുണ്ടായ കുറവ് ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃക്കദാനത്തിനു കൂടുതൽ പേർ സന്നദ്ധത കാണിച്ച കേരളം ഇപ്പോൾ അതിനു മടിക്കുന്നുവെന്നു രേഖകൾ വ്യക്തമാക്കുന്നു. 2017ൽ 34 പേർ മാത്രമാണു സംസ്ഥാനത്തു വൃക്കദാനം നടത്തിയത്. 2016ൽ 113 പേർ വൃക്കദാനം നടത്തിയപ്പോൾ 2015ൽ 132 പേർ വൃക്ക നൽകാൻ സന്നദ്ധരായി. 2014ൽ 104 പേരായിരുന്നു വൃക്കദാതാക്കൾ.
അവയവങ്ങൾ ലഭിക്കാൻ കെഎൻഒഎസിൽ പേരുകൾ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന എണ്ണം കൂടിവരികയാണ്. ഹൃദയം മാറ്റിവയ്ക്കാൻ ദാതാവിനെ കാത്തിരിക്കുന്നതു സംസ്ഥാനത്തു മാത്രം 31 പേരാണ്. കേരളത്തിൽ ദാതാവിനെ ലഭിക്കാത്തതിനാൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കൊച്ചി തിരുവാങ്കുളം സ്വദേശി ലക്ഷ്മി വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസം ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു.
കരൾദാതാവിനെ തേടുന്ന നിർധന രോഗികളുടെ എണ്ണം 344. 1676 വൃക്കരോഗികൾ പുതിയ വൃക്ക ലഭിക്കുമെന്ന പ്രതീക്ഷയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. നാളുകളായി കേരളത്തിൽ അവയവദാനത്തിനെതിരേ നടക്കുന്ന തെറ്റായ പ്രചാരണങ്ങളെത്തുടർന്നാണു ഹൃദയദാതാക്കളുടെയും എണ്ണം കുറഞ്ഞതിനു കാരണമെന്നു ഡോക്ടർമാർ വിലയിരുത്തുന്നു.
സർക്കാർ ബോധവത്കരണം നടത്തുന്നില്ല: ഫാ. ചിറമേൽ
കൊച്ചി: അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു കിഡിനി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ ശേഖരിക്കുകയും അനുമതി നൽകുകയും മാത്രമാണു മൃതസഞ്ജീവനി പദ്ധതിയിലുള്ളവർ ചെയ്യുന്നത്. പദ്ധതിക്കായി സർക്കാർ ആവശ്യമായ ജീവനക്കാരെ നൽകാൻ പോലും തയാറായിട്ടില്ല. അവയവദാനം പ്രോത്സാഹിപ്പിക്കാൻ രംഗത്തുള്ള മറ്റ് ഏജൻസികളെ സർക്കാർ കൂടുതൽ പരിഗണിക്കണമെന്നും ഫാ. ചിറമേൽ ആവശ്യപ്പെട്ടു.