എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു.
ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.
ഹൃദയധമനികളിൽ പ്ലാക്ക്
ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.
ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേഉണ്ടാകാറില്ല.
അജ്ഞാതജീനുകൾ
ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു.
ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.
ജനിതകവിധി മാറ്റിമറിക്കാൻ
തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി
എറണാകുളം