ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയത്തിലേക്ക്. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയെന്ന നിലയിലും, ആറ് ഹൃദയ ശസ്ത്രക്രിയ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്ത സർക്കാർ ആശുപത്രിയെന്ന നിലയിലും കോട്ടയം മെഡിക്കൽ കോളജ് അഭിമാനകരമായ നേട്ടം കൈവരിച്ചു.
പത്തനംതിട്ട സ്വദേശി പൊടിമോൻ, എറണാകുളം ഇടക്കൊച്ചി സ്വദേശി ബഷീർ, വയനാടുകാരനായ ബാലൻ, തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി സുബ്രഹ്മണ്യൻ, ചങ്ങനാശേരി നാലുകോടി സ്വദേശി സജീവ് ഗോപി എന്നിവർക്കാണ് മുന്പ് ഹൃദയം മാറ്റിവച്ചത്.
എല്ലാ ശസ്ത്രക്രിയകളും ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നലെ നടന്ന ശസ്ത്രക്രിയയിൽ ഡോ. ഷാജി പാലങ്ങാടൻ, ഡോ. ശിവപ്രസാദ്, ഡോ. നിധീഷ്, ഡോ. ജോസഫ്, ഡോ. ആകാശ് ബാബു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. തോമസ്, ഡോ. മഞ്ജു, പെർഫ്യൂഷനിസ്റ്റുമാരായ രാജേഷ് മുള്ളൻകുഴി, മെൽവിൻ മാത്യു, ആഷിഷ് ജോഷ്, കണ്ണൻ, നഴ്സുമാരായ ടി.പി. ബിന്ദു, സലിൻ, ടിറ്റോ എന്നിവരാണുണ്ടായിരുന്നത്.
നെഞ്ചിടിപ്പിന്റെ 25 മണിക്കൂറുകൾ
വെള്ളിയാഴ്ച രാവിലെ
9.00: തിരുവനന്തപുരം കിംസിൽനിന്നു മെഡിക്കൽ കോളജിന് ഹൃദയം കൈമാറുന്ന അറിയിപ്പ്.
9.05: ഒ നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ട മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് പരിശോധിക്കുന്നു.
9.15: അതിരന്പുഴ തെള്ളകം സ്വദേശി ജോസിനെ അനുയോജ്യനായി കണ്ടെത്തുന്നു.
9.20: ജോസിന്റെ വീട്ടിലേക്ക് ഫോണ് ചെയ്യുന്നു.
9.50: മെഡിക്കൽ കോളജിൽ ജോസിനെ അഡ്മിറ്റ് ചെയ്യുന്നു.
10.00: കോവിഡ് 19 ഉൾപ്പെടെ പരിശോധനയ്ക്ക് സാന്പിളുകൾ ശേഖരിക്കുന്നു.
1.50: പരിശോധനാ ഫലം അനുകൂലം.
2.00: ശസ്ത്രക്രിയക്കുള്ള നടപടിക്ക് തയാറാക്കുന്നു.
3.25: കോട്ടയത്തുനിന്നും ഹാർട്ട് ഓഫ് കോട്ടയത്തിന്റെ ആബുലൻസ് മെഡിക്കൽ കോളജിൽ എത്തുന്നു.
3.30: കൊച്ചിയിൽനിന്ന് എയർഫോഴ്സിന്റെ ഹൃദയം കൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന കാസ്റ്റോണ് (കാസ്റോൾ) എത്തി.
3.32: ഡോ. ജയകുമാറും സംഘവും ആംബുലൻസിൽ തിരുവനന്തപുരത്തേക്ക്.
6.00: കോട്ടയം ടീം തിരുവനന്തപുരം കിംസിൽ
9:00 വൃക്കകളും കരളും പുറത്തെടുക്കുന്നു.
ശനിയാഴ്ച പുലർച്ചെ
2.00: ഹൃദയം വേർപെടുത്തൽ ശസ്ത്രക്രിയ.
3.30: ഹൃദയവുമായി കോട്ടയം സംഘം ആംബുലൻസിൽ പുറപ്പെടുന്നു.
5.15: ആംബുലൻസ് കോട്ടയം മെഡിക്കൽ കോളജിൽ എത്തി
5.25: ശസ്ത്രക്രിയ തുടങ്ങി
7.30: ശസ്ത്രക്രിയ പൂർത്തിയായി.