മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശി എം. രാജയുടെ ഹൃദയം ഇനി ആലപ്പുഴ സ്വദേശിയായ 26 വയസുകാരനിലൂടെ ജീവിക്കും. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ഇത്.
അവയവം ദാനം നല്കിയ രാജയുടെ ബന്ധുക്കൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവ് അറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
തലയ്ക്കുള്ളിലെ രക്തസ്രാവം കാരണം ഡ്രൈവറായ എം. രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
രാജയുടെ മരണത്തോടെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു അയാളുടെ ബന്ധുക്കള്‍. ഇതേ തുടർന്ന് രാജയുടെ ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവ ദാനം നല്കി.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കാണ് രാജയുടെ ഹൃദയം ലഭിച്ചത്. ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് രാജയുടെ ഹൃദയം മാറ്റിവച്ചത്.