പ്രമേഹരോഗികൾ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങൾ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മർദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്.
പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോൾ ഇൻസുലിൻ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇൻസുലിൻ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്.
പ്രമേഹം വരുതിയിലായില്ലെങ്കിൽ…
നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തിൽ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകൾ, ധമനികൾ എന്നീ അവയവങ്ങളിൽ വൈവിധ്യമാർന്ന ജരിതാവസ്ഥയുണ്ടാകുന്നു.
കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾഭാഗം ചെറുതാകുന്നു.
ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാൽ ഹാർട്ടറ്റാക്കാണ് അനന്തരഫലം.
ശ്വാസതടസം മുതൽ വയറുവേദന വരെ
പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂർധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങൾ രോഗികൾ എപ്പോഴും തിരിച്ചറിയണമെന്നില്ല.
നെഞ്ചുവേദന പലപ്പോഴും പൂർണമായി അനുഭവപ്പെടാത്ത ഹാർട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതർക്ക് സ്വന്തം. ഹൃദയത്തെ ആവരമം ചെയ്തിരിക്കുന്ന ഓട്ടോണമിക് നാഡീവ്യൂഹത്തിനു സംഭവിക്കുന്ന അപചയംതന്നെ ഇതിനു കാരണം.
നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാർട്ടറ്റാക്കുണ്ടാകുന്പോൾ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാൻ രോഗിക്ക് പറ്റാതെപോകുന്നു. ഏതാണ്ട് 35 ശതമാനം രോഗികൾക്കും നെഞ്ചുവേദന കൃത്യമായി അനുഭവപ്പെടാറില്ല.
അതിനു പകരം ശ്വാസതടസം, ഓക്കാനം, തളർച്ച, തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണു കണ്ടുവരുന്നത്. അതുപോലെ ഹർട്ടറ്റാക്കിനോടനുബന്ധിച്ച മരണസാധ്യതയും പ്രമേഹരോഗികളിൽ അധികരിച്ചുകാണുന്നു.
ഹൃദ്രോഗചികിത്സ ദുഷ്കരമാകും
മേൽപ്പറഞ്ഞ സങ്കീർണമായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ പ്രമേഹബാധിതരിലെ ഹൃദ്രോഗചികിത്സ അന്ത്യന്തം ദുഷ്കരമാണ്. ഒരു ഹൃദ്രോഗവിദഗ്ധന്റെ അടുത്തു വരുന്ന രോഗികളിൽ ഭൂരിഭാഗവും പ്രമേഹമുള്ളവരാണ്.
70 ശതമാനം പ്രമേഹരോഗികളും മരണപ്പെടുന്നതും ഹൃദ്രോഗാനന്തരമാണെന്നോർക്കണം. അതുകൊണ്ട് ഹൃദ്രോഗ വിദഗ്ധൻ ഒരു പ്രമേഹ ചികിത്സാവിദഗ്ധൻകൂടിയാകുന്നു.
പ്രമേഹരോഗിക്ക് ഹാർട്ടറ്റാക്കുണ്ടാകുന്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത്. നെഞ്ചുവേദന കാര്യമായി അനുഭവപ്പെടാത്തതുമൂലം പലരും വളരെ വൈകിയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും ഹൃദയാഘാതത്തിന്റെ സങ്കീർണതകൾ മൂർച്ഛിച്ചിരിക്കും.
കലശമായ ശ്വാസതടസവും നെഞ്ചിലെ അസ്വാസ്ഥ്യവും തളർച്ചയും ക്രമരഹിതമായ നെഞ്ചിടിപ്പും തലകറക്കവും രോഗിയെ അത്യാസന്ന നിലയിലെത്തിക്കുന്നു.
നിയന്ത്രണത്തിൽ അശ്രദ്ധ കാണിക്കുന്ന രോഗിയുടെ രക്തത്തിലെ പഞ്ചസാര എപ്പോഴും കൂടിയിരിക്കും, അതുപോലെ
കൊളസ്ട്രോളും.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം