ഭൂമുഖത്ത് പ്രമേഹബാധിതരുടെ എണ്ണം ഭീതിദമാംവിധം വർധിക്കുകയാണ്. 1980-ൽ 108 ദശലക്ഷമായിരുന്നത് 2014 ആയപ്പോൾ 422 ദശലക്ഷമായി ഉയർന്നു. 18 വയസ് കഴിഞ്ഞവരിൽ 1980-ൽ 4.7 ശതമാനമായിരുന്ന പ്രമേഹബാധ 2014 ആയപ്പോൾ 8.5 ശതമാനമായി വർധിച്ചു. പ്രമേഹം മൂലം 2015-ൽ 1.6 ദശലക്ഷം പേരാണ് മരണപ്പെട്ടത്.
പണക്കാരേക്കാളുപരി സാന്പത്തികമായി താഴേക്കിടയിലുള്ളവരെ കൂടുതലായി ബാധിക്കുന്ന ഒരു രോഗാതുരതയായി ഈ മഹാമാരി മാറുകയാണ്.
പ്രമേഹത്തിലും മത്സരം!
2015-ലെ കണക്കുപ്രകാരം ഇന്ത്യയിൽ 69.1 ദശലക്ഷം പേർക്ക് പ്രമേഹബാധയുണ്ട്. ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 9 ശതമാനംപേരും പ്രമേഹത്തിന്റെ പിടിയിലാണ്. അതായത് ഈ മഹാരോഗത്തിന്റെ ലോകതല സ്ഥാനമെന്ന ഖ്യാതിയും ഇന്ത്യക്ക്.
ഇന്ത്യയിൽ 2010-ൽ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതർ 2030 ആകുന്പോൾ 58 ശതമാനമായി വർധിച്ച് 87 ദശലക്ഷമായി ഉയരും. നമ്മുടെ കൊച്ചുകേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാൽ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേർക്കും ഈ രോഗം സ്വന്തം. അതായത് ദേശീയ ശരാശരിയേക്കാൾ ഇരട്ടി.
കേരളത്തിലെ ഗ്രാമീണരും പ്രമേഹബാധയിൽ നഗരവാസികളോടൊപ്പമെത്താൻ മത്സരിക്കുന്ന പ്രവണത നാം കാണുന്നു.
ഏറ്റവും ഭയാനകമായ പ്രശ്നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആൾക്കാർക്കും ഈ രോഗമുണ്ടെന്ന അവബോധമുണ്ടാകുന്നില്ല എന്നതാണ്.
ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആൾക്കാരും തങ്ങൾ പ്രമേഹബാധക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന യാഥാർഥ്യം മനസിലാക്കാതെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. കൂടാതെ പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിൽ 40 ശതമാനംപേർ മാത്രമേ രക്തത്തിലെ പഞ്ചസാര പരിധിക്കുള്ളിൽ നിയന്ത്രിക്കുന്നുള്ളൂ.
17 ശതമാനംപേർ ഭക്ഷണം ക്രമീകരിച്ച് ചികിത്സിക്കുന്നു, 18 ശതമാനംപേർ മരുന്നുകളെടുക്കുന്നു.അസാംക്രമികരോഗങ്ങളുടെ അനിയന്ത്രിതമായ വർധനയ്ക്കു കടിഞ്ഞാണിടാൻ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പലതവണ യോഗം ചേരുകയും അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക മാർഗങ്ങളാരായുകയും ചെയ്തു.
ഹൃദ്രോഗവും പ്രമേഹവും അർബുദവും ചേർന്നു ലോകജനസംഖ്യയുടെ സിംഹഭാഗം പേരെയും കൊന്നൊടുക്കുന്ന സാഹചര്യത്തിൽ പുതിയ ബോധവത്കരണ ശൈലിയിലൂടെ ഇവയെ നേരിടാൻ പ്രതിരോധമാർഗങ്ങൾ സംവിധാനം ചെയ്യുകയുണ്ടായി.
പ്രമേഹചികിത്സ പരാജയമാകാതിരിക്കാൻ
പ്രമേഹ ചികിത്സയുടെ പരാജയത്തിനുള്ള പ്രധാനകാര്യം രോഗികൾക്കു കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നു പരിഗണനയും കരുതലും ലഭിക്കുന്നില്ലാത്തതുകൊണ്ടാണെന്നു പഠനങ്ങൾ തെളിയിച്ചു.
പ്രമേഹരോഗി ഒറ്റയ്ക്കല്ല, കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി രോഗിയോടൊപ്പം നിന്ന് പ്രമേഹ നിയന്ത്രണത്തിന് സാഹചര്യമൊരുക്കണമെന്ന് ആഹ്വാനമുണ്ടായി. ഈ ആശയംതന്നെയാണ് കഴിഞ്ഞവർഷത്തെ പ്രമേഹദിന സന്ദേശവും. പ്രമേഹ നിയന്ത്രണം രോഗിയുടെ മാത്രമല്ല, അയാൾ ഉൾക്കൊള്ളുന്ന കുടുംബാംഗങ്ങളുടെ മൊത്തമായ പരിശ്രമത്തിലൂടെയാണ് സമഗ്രമാക്കേണ്ടത്.
ആത്മാർഥമായ പിന്തുണയും കരുതലുമായി കുടുംബത്തിലെ എല്ലാ അംഗങ്ങളും എപ്പോഴും രോഗിയോടൊപ്പമുണ്ടാവണം. അതായത് രോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമമില്ല. അത് രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹരോഗിക്കു മാത്രമല്ല കുടുംബത്തിലെ മറ്റംഗങ്ങൾക്കും പ്രയോജനപ്പെടും.
അവർക്ക് പ്രമേഹ സാധ്യതയുണ്ടെങ്കിൽ അത് കുറയ്ക്കുകയും ചെയ്യും. പഥ്യമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമശീലവും മുടങ്ങാതെയുള്ള ഔഷധസേവയും സ്വായത്തമാകാൻ രോഗിക്ക് താങ്ങും തണലുമായി കുടുംബാംഗങ്ങൾ എപ്പോഴും വേണം.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം