ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്നു കുട്ടികളുമാണു മരിച്ചത്. ഒരു മാസവും 18 മാസവും പ്രായമുള്ളവരാണു മരിച്ച രണ്ടുകുട്ടികൾ.
ഒരു കുട്ടിക്കു മൂന്നു വയസാണു പ്രായം. ബാരാമുള്ള ജില്ലയിൽനിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളിൽനിന്നു വിഷവാതകം പരന്നതാണു ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്.ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. ശൈത്യകാലത്ത് ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സമാനമായ ദുരന്തങ്ങൾ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി.