സീമ മോഹൻലാൽ
താൻ കണ്ടും അനുഭവിച്ചും അറിഞ്ഞ സർവീസ് അനുഭവങ്ങൾ… തനിമ ചോരാതെ അത് വെള്ളിത്തിരയിൽ എത്തിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഹെവൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി.എസ്. സുബ്രഹ്മണ്യൻ.
ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് ഇദ്ദേഹം. ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെവന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഹെവനിലേക്ക് എത്തിയ നാൾ വഴികളെക്കുറിച്ച് പി.എസ്. സുബ്രഹ്മണ്യൻ സംസാരിക്കുന്നു.
ഹെവന്റെ പിറവി
പോലീസ് ഫോറൻസിക് സർജൻ ഡോ.ഷേർലി വാസു എഴുതിയ “പോസ്റ്റുമോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലെ ഒരു പാരഗ്രാഫാണ് ഹെവന്റെ പിറവിക്കു പിന്നിൽ. നാലു വർഷത്തെ തയാറെടുപ്പിനു ശേഷമാണ് ഹെവൻ പിറവിയെടുത്തത്.
ഷേർളി മാഡത്തിന്റെ പുസ്തകം വായിച്ചപ്പോൾ അതിലെ ഒരു പാരഗ്രാഫാണ് എന്നെ ചിത്രത്തിന്റെ ത്രെഡിലേക്ക് നയിച്ചത്. പിന്നെ അവിടെ നിന്ന് ഓരോ ഭാഗങ്ങൾ പിറവിയെടുത്തു.
ആദ്യം എഴുതിയത് ക്ലൈമാക്സ് ആയിരുന്നു. അതിൽ നിന്നാണ് കഥ വികസിപ്പിച്ചത്. ക്ലൈമാക്സ് ട്വിസ്റ്റാക്കി മാറ്റിയാൽ ചിത്രം ഹിറ്റാകുമെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു.
ക്ലാസിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി
ഹെവൻ ഒരു ക്ലാസിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ്. ചെറുപ്പം മുതൽ എനിക്ക് സിനിമകളോട് അതീവ ഇഷ്ടമായിരുന്നു. മഹാരാജാസ് കോളജിലെ പഠനകാലത്ത് കോളജ് മാഗസിനിലൊക്കെ കഥകൾ എഴുതുമായിരുന്നു. പഴയ കാല ധർമേന്ദ്ര, വിജയേന്ദ്ര, അമിതാഭ് ബച്ചൻ സിനിമകളൊക്കെ കാണുമായിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഡിപ്പാർട്ടമെന്റ് ക്യൂ സീരീസാണ്. അതിലെ എല്ലാ സിനിമകളും ഇഷ്ടമാണ്. പിന്നെ സെവൻ എന്ന ക്ലാസിക് ഇൻവെസ്റ്റിഗേഷൻ ചിത്രവും ഇഷ്ടമാണ്.
മറ്റൊരു ഇഷ്ട ചിത്രം സൈലൻസ് ഓഫ് ദി ലാന്പ് എന്ന ഇംഗ്ലീഷ് സിനിമയാണ്. ആ എലിമെന്റ് ഈ ചിത്രത്തിൽ നിലനിർത്തി. ഒരു ഇൻവെസ്റ്റിഗേഷൻ രീതിയിലാണ് സിനിമയുടെ ത്രില്ലും സസ്പെൻസുമെല്ലാം കൂടി കലർന്ന് കിടക്കുന്നത്.
അത് പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു അനുഭവമായിരിക്കും സമ്മാനിക്കുക.സിനിമയുടെ ഫോറൻസിക് ആസ്പെക്ടിൽ എന്റെ സർവീസ് അനുഭവത്തിൽ ഞാൻ പഠിച്ച കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതെല്ലാം യഥാർഥമാണ്. സിനിമയിലെ കുറ്റാന്വേഷണം ഭാവനയുമാണ്.
സിഐ പീറ്റർ കുരിശിങ്കലിലേക്ക്
കഥ എഴുതുന്പോഴെ മനസിൽ വന്നത് സുരാജേട്ടനെ(സുരാജ് വെഞ്ഞാറമൂട്) ആയിരുന്നു. എന്റെ ബാച്ച്മേറ്റായ വിജയരാഘവൻ എന്ന പോലീസ് ഇൻസ്പെക്ടറുടെ അടുത്ത സുഹൃത്താണ് സുരാജേട്ടൻ.
അതുകൊണ്ട് വിജയരാഘവൻ വഴി എനിക്ക് സുരാജേട്ടനെ കൊണ്ട് സ്ക്രിപ്റ്റ് വായിപ്പിക്കാനുള്ള ഭാഗ്യം കിട്ടി. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അദ്ദേഹം ഉടനെ എന്നെ തിരിച്ച് വിളിച്ചു, ഡണ് എന്നും പറഞ്ഞു.
അപ്പോൾ ഒത്തിരി സന്തോഷം തോന്നി. സുരാജേട്ടൻ ചെയ്ത സിഐ പീറ്റർ കുരിശിങ്കൽ എന്ന കഥാപാത്രം ഏറെ വ്യത്യസ്തമാണ്. ഞാൻ ഇഷ്ടപ്പെടുന്ന ക്യൂ സീരിസിലെ കഥാപാത്രങ്ങളെല്ലാം വളരെ പരുക്കനായിട്ടുള്ള പതിഞ്ഞ താളത്തിലുള്ളവരാണ്.
മലയാളത്തിലെ സ്ഥിരം പാറ്റേണായിട്ടുള്ള ഡൈനാമിക് വേർഷൻ അതിൽ ഇല്ല. അങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് എനിക്കും കൂടുതൽ ഇഷ്ടം. അത്തരം കഥാപാത്രമാണ് പീറ്ററിനു വേണ്ടി തെരഞ്ഞെടുത്തതും.
ക്യൂ സീരീസ് സിനിമകൾ പീറ്ററിന്റെ കഥാപാത്രം രൂപപ്പെടുത്താൻ എന്നെ ഏറെ സഹായിച്ചു. ചിത്രത്തിലെ അന്വേഷണത്തിന്റെ ട്രാക്കും പാറ്റേണും പാശ്ചാത്യ ക്ലാസിക് ട്രാക്കിലുള്ളതാണ്.
ഇൻവെസ്റ്റിഗേഷനൊപ്പം കുടുംബകഥയും
കുറ്റാന്വേഷണത്തിനൊപ്പം ഹെവൻ വൈകാരികമായ ഒരു കുടുംബകഥ കൂടി പറയുന്നുണ്ട്. ഭാര്യ നഷ്ടപ്പെട്ട വ്യക്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പീറ്റർ കുരിശിങ്കൽ.
അയാൾക്ക് അമ്മയുണ്ട്. ഒരു മകനുമുണ്ട്. അമ്മൂമ്മയും അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടി ഈ ചിത്രത്തിലൂടെ പറഞ്ഞു പോകുന്നു.
ലോജിക് എറർ ഇല്ലാത്ത ചിത്രം
ഗംഭീരമായ സീൻ ഉണ്ടാക്കാൻ ആർക്കും സാധിക്കും. എന്നാൽ സിനിമ കഴിഞ്ഞ് അതിന്റെ ലോജിക് ആലോചിക്കുന്പോൾ ഒത്തിരി ലോജിക് എറർ ഉണ്ടെന്ന് അറിയാൻ കഴിയും.
എന്നാൽ ഹെവൻ കണ്ട പ്രേക്ഷകരിൽ നിന്ന് ലോജിക് എറർ ഇല്ലാത്ത ശുദ്ധമായ സയിന്റിഫിക് ഇൻവെസ്റ്റിഗേഷനാണ് ഈ ചിത്രത്തിലെന്നു കേൾക്കുന്പോൾ വളരെയധികം സന്തോഷമുണ്ട്.
പോലീസിൽ നിന്നുള്ള സപ്പോർട്ട് വലുത്
പോലീസിൽ നിന്നുള്ള സപ്പോർട്ട് വളരെ വലുതാണ്. സിനിമയുടെ ചിത്രീകരണത്തിനായി സർക്കാർ എനിക്ക് 45 ദിവസത്തെ ലീവ് അനുവദിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഷൂട്ടിംഗിൽ പൂർണമായും പങ്കെടുക്കാൻ കഴിഞ്ഞു.
മൈനൂട്ടായിട്ടുള്ള സല്യൂട്ട് പോലും എനിക്ക് സിനിമയിൽ കൃത്യമായി ചെയ്യാൻ സാധിച്ചു. ചിത്രം ഇറങ്ങിയ ശേഷം ഒത്തിരി പോലീസ് ഉദ്യോഗസ്ഥർ എന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. സേനയിൽ നിന്നുള്ള സപ്പോർട്ടിൽ വളരെയധികം സന്തോഷം തോന്നി.
പരിമിതികൾ ഉണ്ടായിരുന്നു
സർക്കാർ ഉദ്യോഗസ്ഥൻ എഴുതുന്ന തിരക്കഥ ആയതിനാൽ സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതായിട്ടുണ്ട്. മതപരമായോ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയോ പരാമർശങ്ങളൊന്നും ചിത്രത്തിൽ പാടില്ലായിരുന്നു.
അതുകൊണ്ടുതന്നെ എനിക്ക് തിരക്കഥ എഴുതുന്പോൾ ഒരുപാട് പരിമിതികളും ഉണ്ടായിരുന്നു. എഴുതാൻ കൂടുതൽ ഇഷ്ടം കോമഡി എന്റർടെയ്നർ ആണെങ്കിലും ആദ്യം എഴുതുന്നത് പോലീസ് സ്റ്റോറി തന്നെ ആകട്ടെയെന്നു കരുതി.
ഇനിയും തിരക്കഥകൾ ഉണ്ടാകും
കഥകൾ ഒത്തിരി മനസിലുണ്ട്. ഇനിയും തിരക്കഥകൾ പ്രതീക്ഷിക്കാം. സാഹചര്യവും സമയവും സന്ദർഭവും അനുസരിച്ച് എഴുതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംവിധായകരായ അൻവർ റഷീദ്, എബ്രിഡ് ഷൈൻ എന്നിവരിൽ നിന്നും ഹെവന് ലഭിച്ച അഭിനന്ദനം ഹൃദയത്തോട് ചേർക്കുന്നു.
വില്ലേജ് ഉദ്യോഗസ്ഥനിൽ നിന്ന് പോലീസിലേക്ക്
2004ൽ മലപ്പുറത്ത് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായിട്ടാണ് സുബ്രഹ്മണ്യൻ സർവീസിൽ പ്രവേശിച്ചത്. തുടർന്ന് 2007ൽ കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി ജോലി ലഭിച്ചു.
കോട്ടയം, ഇടുക്കി, കൊച്ചി സിറ്റി, തിരുവനന്തപുരം, കാസർഗോഡ് എന്നിവിടങ്ങളിലെ സേവനത്തിനുശേഷം ഇപ്പോൾ ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ്.
കുടുംബം
ആലപ്പുഴ പൂച്ചാക്കൽ രേവതി നിവാസിലാണ് താമസം. ഭാര്യ രേവതി. ആറാം ക്ലാസിൽ പഠിക്കുന്ന മീനാക്ഷിയും അഞ്ചാംക്ലാസുകാരി മാളവികയുമാണ് മക്കൾ.