‘ഹെവി ബ്രേക്ക് ഫാസ്റ്റ്’ ! ഒരു മാസത്തെ പ്രഭാത ഭക്ഷണത്തിന്റെ ചെലവ് 26,479 രൂപ; ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയ്‌ക്കെതിരേ അന്വേഷണം…

ഹെവി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവരെന്ന് പറയാറുണ്ട്. പ്രഭാതഭക്ഷണത്തിന് അവര്‍ അത്രയധികം പ്രാധാന്യം നല്‍കുന്നുവെന്നു വേണം കരുതാന്‍.

എന്നാല്‍ ഇപ്പോള്‍ ‘ഹെവി ബ്രേക്ക്ഫാസ്റ്റ്’ കഴിച്ച് കുടുക്കിലായിരിക്കുകയാണ് ഫിന്നിഷ് പ്രധാനമന്ത്രി സന മെറിന്‍. 34-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ ഫിന്‍ലന്‍ഡില്‍ അധികാരത്തിലെത്തിയ വ്യക്തിയാണ് സന.

എന്നാല്‍ സനയുടെ ഒരു മാസത്തെ പ്രഭാത ഭക്ഷണത്തിന്റെ ബില്ല് കണ്ട് ഏവരും ഞെട്ടി. തുടര്‍ന്ന് ഈ ബില്ലിനെച്ചൊല്ലി പോലീസ് പ്രധാനമന്ത്രിയ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ പേരില്‍ സന പ്രതിമാസം 300 യൂറോ (26,479 രൂപ) കൈപ്പറ്റിയെന്ന് ഒരു ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

സനയുടെ മുന്‍ഗാമികള്‍ക്കും ഇത്തരത്തില്‍ ആനുകൂല്യം നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ യാതൊരു ആനുകൂല്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനമെടുക്കുന്നതില്‍ പങ്കാളിയായിട്ടില്ലെന്നും സന ട്വിറ്ററില്‍ പ്രതികരിച്ചു.

എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നത് ഫിന്‍ലന്‍ഡിലെ നിയമങ്ങള്‍ക്കെതിരാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

പ്രധാനമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണു പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനമാകുന്നത് വരെ ആനുകൂല്യം വാങ്ങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related posts

Leave a Comment