തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെയും യെല്ലോ അലർട്ടാണ്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ ഉണ്ടാകാനാണ് സാധ്യത. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പത്തനംതിട്ടയുടെ വനമേഖലകളിൽ ശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഇന്നലെ രാത്രി ഉരുൾപൊട്ടൽ ഉണ്ടായതായി പത്തനംതിട്ട കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
ഇവിടേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
ശബരിമല വനമേഖലയിൽ കനത്ത മഴയാണ് ഇന്നലെ രാത്രിയിൽ പെയ്തത്. പമ്പ ത്രിവേണിയിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ 3 ഷട്ടറുകൾ 30 സെൻറീമീറ്റർ വീതം ഉയർത്തിയത്. പിന്നീട് രണ്ട് ഷട്ടറുകൾ താഴ്ത്തി.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ കക്കാട്ടാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആങ്ങമൂഴി, സീതത്തോട് എന്നീ പ്രദേശങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നു. കക്കാട്ടാറിന്റെ ഇരുവശങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.
മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ളഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കേരളതീരത്ത് ഇന്ന് രാത്രി 8.30 മുതൽ നാളെ രാവിലെ 11.30 വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.