കോഴിക്കോട്: ദേശീയപാത ബൈപാസിലെ നിര്‍മാണ പ്രവൃത്തികള്‍ മഴ എത്തിയതോടെ വിവാദത്തില്‍. പണി പൂര്‍ത്തിയാക്കുന്ന തിരക്കില്‍ അപ്രോച്ച് റോഡുകളില്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവൃത്തികള്‍ നല്ല രീതിയിലല്ല നടന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നുസ്ഥലങ്ങളിലാണ് റോഡ് തകര്‍ന്നത്. ഇന്നലെ വൻ കോൺക്രീറ്റ് ഭിത്തി സ്ഫോടക ശബ്ദത്തോടെ തകർന്നുവീണു. പന്തീരാങ്കാവ് രാമനാട്ടുകര ദേശീയപാത ബൈപാസിലെ കൊടൽ സടക്കാവ് ചിറക്കൽ കാവിനു സമീപത്തെ സർവീസ് റോഡ് പാർശ്വ ഭീമൻ ഭിത്തിയാണ് രാത്രി നിലംപതിച്ചത്.
കോൺക്രീറ്റ് കഷണം തെറിച്ചുവീണു ചിറക്കൽ മോഹനന് (62) തലയ്ക്ക് പരിക്കേറ്റു. വൃക്ഷങ്ങളും പൊട്ടിവീണു. ഒരു വാഹനം വന്നാല്‍ റോഡ് തകര്‍ന്നുവീഴുമെന്ന അവസ്ഥയാണ്. ഇന്നലെ രാത്രി ആംബുലന്‍സ് പോലും റോഡില്‍ കുടുങ്ങുന്ന അവസ്ഥയിലായി. സമീപത്ത് തന്നെ അങ്കണവാടികളും നിരവധി വീടുകളുമുണ്ട്.
ചെവ്വാഴ്ച രാത്രി കൊടല് നടക്കാവില്‍ നിന്ന് ഈരാട്ടുകുന്ന് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ റോഡ് തകര്‍ന്ന് ലോറി മറിഞ്ഞിരുന്നു. ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡിന്റെ വശത്തോടു ചേര്‍ന്നുള്ള മണ്ണ് ആഴത്തില്‍ നീക്കം ചെയ്തതാണ് കാരണം.
ഇതിലുടെ വലിയ വാഹനങ്ങളുടെ സര്‍വീസ് പൂര്‍ണമായും നിരോധിച്ചു. ഇതിന് തൊട്ടെതിര്വശത്തായി സര്‍വീസ് റോഡിലുണ്ടില് തിങ്കളാഴ്ച രാത്രി രൂപപ്പെട്ട വിള്ളല്‍ വലിയ ഭീതി സൃഷ്ടിച്ചിരുന്നു.
കോണ്‍ക്രീറ്റ് ഉപയോഗിച്ച് വിള്ളലടയ്ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയും ചെയ്തു. മഴ തുടങ്ങിയപ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ മഴ കുടുതല്‍ ശക്തിപ്പെടുന്നതോടെ എന്താകും അവസ്ഥയെന്ന് യാത്രക്കാര്‍ ചോദിക്കുന്നു.
പിളർന്ന റോഡും ഭിത്തിയും രാത്രിയിലെ കനത്ത മഴയിലാണ് വീണത്. അടിയന്തിരമായി സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദേശീയപാതയടക്കം തകർച്ച നേരിടും. മഴ ശക്തിപ്പെട്ടാൽ കാര്യങ്ങൾ ഗുരതരമാകുന്ന അവസ്ഥയുമുണ്ട്.