സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ കനക്കും ! 11ന് സംസ്ഥാനത്തെ കാത്തിരിക്കുന്നത് പേമാരി; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒന്‍പത്, 10 തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും 11 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുകയും കൂടുതല്‍ ശക്തിപ്രാപിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് ഉണ്ട്.

മധ്യ കിഴക്കന്‍ അറബികടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. മുബൈ തീരത്ത് നിന്ന് 800 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 700 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറു അകലെയുമായി തീവ്രന്യൂനമര്‍ദ്ദം നിലവില്‍ സ്ഥിതിചെയ്യുന്നു.

അടുത്ത 48 മണിക്കൂര്‍ കൂടി തീവ്രന്യൂനമര്‍ദ്ദമായി പടിഞ്ഞാറുവടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു ശക്തി കുറയാന്‍ സാധ്യതയുള്ളതിനാല്‍, ഇന്ത്യന്‍ തീരത്തെ, ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലും, മധ്യ കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനാലും ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്നു മടങ്ങി വരേണ്ടതാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഇന്ന്:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം
നാളെ:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം
വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്

Related posts

Leave a Comment