പെയ്തിറങ്ങിയ കനത്ത മഴയില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഇടുക്കിക്കാര്. രാത്രിയിലെ കനത്ത മഴയ്ക്കൊപ്പം പലയിടത്തും ഉരുളു പൊട്ടിയതിനൊപ്പം അപ്രതീക്ഷിതമായി പ്രളയജലം വീടുകളിലേക്കു കയറുകയും ചെയ്തതോടെ ഭയന്നു വിറച്ചാണ് ആളുകള്‍ നേരം വെളുപ്പിച്ചത്. ഹൈറേഞ്ച് മേഖലയാണ് ദുരന്തത്തിന്റെ തീവ്രത കൂടുതല്‍ അനുഭവിച്ചത്.
ഇടുക്കിയില്‍ കഞ്ഞിക്കുഴി, മുരിക്കാശേരി, അടിമാലി പ്രദേശങ്ങളില്‍ മൊത്തമായി 11ലേറെ ജീവനുകളാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പൊലിഞ്ഞത്. പലയിടത്തും രാത്രിയില്‍ ആളുകള്‍ വീട്ടില്‍ നിന്നിറങ്ങി ഓടി കൂടുതല്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടി. കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയില്‍ അടിമാലി എട്ടുമുറിക്ക് സമീപം രാത്രി മൂന്ന് മണിയോട് കൂടി മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് പേര് മണ്ണിനടിയില്‍ അകപ്പെട്ടു.
അതേ തുടര്‍ന്ന് ഫര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണ്ണുകള്‍ മാറ്റി അതില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷിച്ചു. പുതിയകുന്നേല്‍ ഹസനാര്, ബന്ധു കുഞ്ഞുമുഹമ്മദ്, എന്നിവരെയാണ് മണ്ണിനടിയില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ ജീവനോടെ പുറത്തെടുത്തു.
ഒന്‍പതോടുകൂടി ഭാര്യ ഫാത്തിമ(85) മകന് മുജീബ്(35) മകന്റെ ഭാര്യ സോഫിയ(30) മക്കളായ ദിയ (6)മിയ(9) മരിച്ച നിലയിലും കണ്ടെടുത്തു. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയായ കൊരങ്ങാട്ടിയില്‍ ഉരള് പൊട്ടി വിടിനു മുകളില്‍ മണ്ണ് വീണ് മോഹനന്(52) ഭാര്യ ശോഭന(48) എന്നിവര്‍ മരിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി രാത്രിമുതല്‍ സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിച്ചില്‍ തുടരുന്നു. നിരവധി പേര്‍ക്ക് പരിക്ക്. 30 വീടുകള്‍ ഭാഗീകമായും എട്ടോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കീരിത്തോട് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു.