തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ച മഴപെയ്‌തേക്കാം. കോഴിക്കോട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്ചയും ഒറ്റപ്പെട്ട മഴപെയ്യാനിടയുണ്ട്.
ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടുചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച ന്യൂനമര്‍ദം രൂപംകൊള്ളും. ഇതിന്റെ ഫലമായി 25-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ 25, 26 തീയതികളില്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ കനത്താല്‍ പോളിംഗ് കുറയുമെന്നതിനാല്‍ വോട്ടര്‍മാരെ ഉച്ചയ്ക്കു മുമ്പുതന്നെ ബൂത്തുകളില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.