കൊച്ചി: എസ്ബിഐയില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചില്ലെന്ന പരാതിയില്‍ ഹീര ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദ് (ബാബു) നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാളെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.
തിരുവനന്തപുരം ആക്കുളത്തെ ഫ്ളാറ്റിനായി ലോണ്‍ എടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിഐയുടെ പരാതിയിലാണ് ഇ ഡി നടപടി ആരംഭിച്ചത്. പണം തിരിച്ചടക്കാതെ വന്നതോടെ എസ്ബിഐയ്ക്ക് 14 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ആക്കുളത്തെ ഫ്ളാറ്റ് സമുച്ചയ നിര്‍മാണത്തിനായി 2013ലാണ് വായ്പ എടുത്തത്. ഫ്ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡും നടത്തിയിരുന്നു. കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ റെയ്ഡില്‍ പിടിച്ചെടുത്തു.
ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. വഴുതക്കാടിലുള്ള ഓഫീസ്, നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റ് സമുച്ചയം, നെടുമങ്ങാടുള്ള എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.