കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ ഹീരാഗ്രൂപ്പ്മേധാവി മുഖ്യമന്ത്രിയുടെ പേരിലും തട്ടിപ്പ് നടത്തി. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കാണ് ഒരു കോടി രൂപയും 100 മെട്രിക് ടെണ് അരിയും നല്‍കിയതായി നൗഹീറ അവകാശപ്പെടുന്നത്. ഓഗസ്റ്റ് 19 നാണ് ചെക്ക് കൈമാറിയതെന്നും ഹൈദരബാദില്‍ നിന്നുള്ള വാര്‍ത്തയായി “സൗദി ഗസറ്റ്’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പൊതുപ്രവര്‍ത്തകയെന്ന നിലയിലാണ് ഹൈദരാബാദിൽ നിന്നും ഗൾഫ് പത്രത്തിൽ വ്യാജ വാര്‍ത്തകള്‍ നൽകിയത്.
സംസ്ഥാനത്ത് കോടികള്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്ന കാലയളവിലാണ് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
ആന്ധ്ര തിരുപ്പതിയില്‍ ബിസിനസ് കുടുംബത്തില്‍ 1973-ല്‍ സപ്തംബറിലാണ് നൗഹീറ ജനിച്ചത്. മദ്രസയില്‍ പഠനം ആരംഭിച്ച നൗഹീറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെയാണ് ശ്രീലങ്കയിലെ വ്യാജ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയത്. പിന്നീട് 19 ാമത്തെ വയസില്‍ പെണ്‍കുട്ടികള്‍ക്ക് മദ്രസയില്‍ ക്ലാസുകള്‍ നല്കി.
ഈ സമയത്താണ് സ്വര്‍ണവ്യാപാരം ആരംഭിക്കുന്നത്. പിന്നീട് 1998 -ല്‍ മദ്രസാ നിസ്വാന് എന്ന പേരില്‍ ഇസ്ലാം സ്കൂള്‍ തിരുപ്പതിയില്‍ ആരംഭിച്ചു. 150 പെണ്‍കുട്ടികളെയാണ് ഇവിടെ പഠിപ്പിച്ചത്. ഇതില്‍ 120 പേര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്കി. അപ്പോഴേക്കും സ്വര്‍ണവ്യാപാരത്തില്‍ വിജയം കൈവരിച്ച നൗഹീറ ഹിരാ ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. 2017 -ല്‍ ചന്ദ്രഗിരി വില്ലേജില്‍ മറ്റൊരു സ്കൂളും ആരംഭിച്ചതായി “വിക്കിപീഡിയ’ പറയുന്നു.
അഖിലേന്ത്യാ മഹിളാ എംപവര്‍ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായാണ് നൗഹീറ അറിയപ്പെടുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടായിരുന്ന നൗഹീറ സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്നായിരുന്നു പ്രചരിപ്പിച്ചത്. കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ 225-ല്‍ 221 സീറ്റിലും ഇവര്‍ മഹിളാ എംപവര്പാര്ട്ടി മത്സരിച്ചിരുന്നു.
ഹീരാ ഗ്രൂപ്പിന്റെ ചിഹ്നമായ ഡയമണ്ട് തന്നെയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം. ദുബൈ കേന്ദ്രീകരിച്ചായിരുന്നു ഹീരാഗ്രൂപ്പിന്റേയും നൗഹീറയുടേയും പ്രവര്‍ത്തനം. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന നൗഹീറയ്ക്ക് പൊതുപ്രവര്‍ത്തനത്തിനുള്ള രാജീവ്ഗാന്ധി ശിരോമണി അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ നേടിയതായി “വിക്കീപീഡിയ ‘ പറയുന്നു.
നൗഹീറക്കെതിരേ ഹൈദരാബാദിലും മഹാരാഷ്ട്രയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ സുപ്രീംകോടതി അഭിഭാഷകനായിരുന്നു വാദിക്കാനായി എത്തിയത്. വിനീത് ദണ്ഡ എന്ന അഭിഭാഷകന് ഹിരാഗ്രൂപ്പ് തട്ടിപ്പ് കമ്പനിയാണെന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം
കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീരാഗ്രൂപ്പ് കോടികള്‍ തട്ടിപ്പു നടത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദും മഹാരാഷ്ട്രയും കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചെമ്മങ്ങാട് പോലീസ് , സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അന്വേഷണം കാര്യക്ഷമമായി നടത്തുകയും ചെയ്തിട്ടുണ്ട്.
കോടികളുടെ തട്ടിപ്പ് നടന്നതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഇതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സൗത്ത് അസി.കമ്മീഷണര്‍ അബ്ദുള്‍ റസാഖ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. 500 ഓളം പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഗ്രൂപ്പ്മേധാവി നൗഹീറ ഷെയ്ഖിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. നൗഹീറ മുംബൈയിലെ ജയിലിലാണുള്ളത്. ചെമ്മങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൗഹീറ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പാണ് നിക്ഷേപരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസിന് 500 ഓളം പേര് വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിനിരയാക്കിയതായാണ് വിവരം ലഭിച്ചത്. നിലവില്‍ 17 പേര് തട്ടിപ്പിനിരയായതിന്റെ വ്യക്തമായ രേഖകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഈ പരാതിയും പരാതിക്കാരുടെ മൊഴികളും പോലീസ് കണ്ടെത്തലുകളും സഹിതമുള്ള റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പോലീസ് കൈമാറി.
രാജ്യത്തിനകത്തും പുറത്തും കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഹിരാഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ആയിരുന്നു. ഗുരുതരതട്ടിപ്പുകേസുകള് അന്വേഷിക്കുന്നതിനായുള്ള പ്രത്യേക ഏജന്‍സിയാണിത്.
164 ബാങ്ക് അക്കൗണ്ടുകളിലായി 5000 കോടിയുടെ ഇടപാടുകളാണ് നടന്നത്. കൂടുതല്‍ അന്വേഷണത്തില്‍ 8000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തരമായി ഹിരാ ഗ്രൂപ്പിനെ കുറിച്ച് അന്വേഷിച്ചിരുന്നു.
84 ലക്ഷം രൂപയുടെ ഹവാല പണം എന്‍ഫോഴ്സ്മെന്റ് ഹിരാഗ്രൂപ്പില് നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുകയും ചെയ്തു.
2010 ലായിരുന്നു ഹൈദരാബാദ് വിവേക്നഗര്‍ ആസ്ഥാനമായി ഹിരാകാപ്പിറ്റല് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. വിവിധ മേഖലകളിലായി 20 ലേറെ സ്ഥാപനങ്ങളും ഇവര്‍ക്കുണ്ട്. അലീമ ഷെയ്ഖ് നൗഹീറയായിരുന്നു സ്ഥാപകയെന്നാണറിയുന്നത്. മുബാറക്ക് ജന്ഷെയ്ഖ്, ഖമര്‍ ജഹാന് ഷെയ്ഖ്, നഹീന ഷെയ്ഖ്, മുഹമ്മദ് അഷ്റഫ് ഷെയ്ഖ് എന്നിവരായിരുന്നു ഡയറക്ടര്‍മാര്‍.