സ്വന്തം ലേഖകന്‍
കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹിരാഗ്രൂപ്പ് കോടികള്‍ തട്ടിപ്പു നടത്തിയ കേസില്‍ അന്വേഷണം നിലച്ചു. ഹൈദരാബാദും മഹാരാഷ്ട്രയും കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണം ഇതുവരേയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പേരിലുള്‍പ്പെടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനും മേധാവിയ്ക്കുമെതിരേയുള്ള അന്വേഷണം പൂര്‍ണമായും നിലച്ചത്. ചെമ്മങ്ങാട് പോലീസായലിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 500 ഓളം പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഗ്രൂപ്പ്മേധാവി നൗഹീറ ഷെയ്ഖിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. നൗഹീറ മുംബൈയിലെ ജയിലിലാണുള്ളത്.
ചെമ്മങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൗഹീറ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് നിക്ഷേപരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. നിലവില്‍ 17 പേര് തട്ടിപ്പിനിരയായതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുടരന്വേഷണത്തിന് ലോക്കല്‍പോലീസിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ തടസമായി. ഇതോടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.
പരാതിക്കാരുടെ മൊഴികളും പോലീസ് കണ്ടെത്തലുകളും സഹിതമുള്ള റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പോലീസ് കൈമാറിയിരുന്നു. അതേസമയം നൗഹീര ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാരപ്പറമ്പ് സ്വദേശികള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 60 ലക്ഷം രൂപയായിരുന്നു ഹീരാഗോള്ഡില് ഇവര്‍ നിക്ഷേപിച്ചിരുന്നത്. 35 ശതമാനം മുതല്‍ 60 ശതമാനം വരെ ലാഭവിഹിതമായിരുന്നു കമ്പനി വാഗ്ദാനം ചെയ്തതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
രാജ്യത്തിനകത്തും പുറത്തും കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഹിരാഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദിലെ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ആയിരുന്നു. ഗുരുതരതട്ടിപ്പുകേസുകള് അന്വേഷിക്കുന്നതിനായുള്ള പ്രത്യേക ഏജന്‍സിയാണിത്.
164 ബാങ്ക് അക്കൗണ്ടുകളിലായി 5000 കോടിയുടെ ഇടപാടുകളാണ് നടന്നത്. കൂടുതല്‍ അന്വേഷണത്തില്‍ 8000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടികള്‍ തട്ടിപ്പ് നടത്തിയിട്ടും വേണ്ടത്ര ഗൗരവത്തോടെ കേസന്വേഷിക്കാന്‍ സംസ്ഥാന പോലീസ് തയാറായിട്ടില്ല.