സ്വന്തം ലേഖകന്‍
കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീരാഗ്രൂപ്പ് കോടികള്‍ തട്ടിപ്പു നടത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയില്ല. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി ജനുവരി 16 ന് ഡിജിപിക്ക് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസ് ഫയലുകളും മറ്റുരേഖകളും സഹിതമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ ഡിജിപി തയാറായിട്ടില്ല. ഫയല്‍ ഇപ്പോഴും ഡിജിപിയുടെ പരിഗണന കാത്ത് പോലീസ് ആസ്ഥാനത്ത് കിടക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടായിട്ടില്ല.
അതേസമയം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതുവരെ ലോക്കല്‍ പോലീസ് തന്നെ തുടരണമെന്നാണ് ചട്ടം. ഇതിനുസരിച്ച് ചെമ്മങ്ങാട് പോലീസ് തട്ടിപ്പിനിരയായവരില്‍ നിന്ന് ഇപ്പോഴും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ പ്രതികള്‍ക്കെതിരേ നിയമപരമായ നടപടികളെടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുഡിന്റെ നിര്‍ദേശപ്രകാരമാണ് പരാതിയുമായെത്തുന്നവരില് നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുമാസം മുമ്പാണ് നിക്ഷേപരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസിന് 500 ഓളം പേര് വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിനിരയാക്കിയതായാണ് വിവരം ലഭിച്ചത്. ആദ്യഘട്ടത്തില്‍ 17 പേര് തട്ടിപ്പ് നടത്തിയതിന്റെ വ്യക്തമായ രേഖകള്‍ പോലീസിന് കൈമാറിയിരുന്നു.
പിന്നീട് 45 ഓളം പേരില്‍ നിന്ന് മൊഴിയെടുത്ത് കേസില്‍ കക്ഷിചേര്‍ത്തിരുന്നു. രാജ്യത്തിനകത്തും പുറത്തും കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഹീരാഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദിലെ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ആയിരുന്നു. ഗുരുതരതട്ടിപ്പുകേസുകള് അന്വേഷിക്കുന്നതിനായുള്ള പ്രത്യേക ഏജന്‍സിയാണിത്.
164 ബാങ്ക് അക്കൗണ്ടുകളിലായി 5000 കോടിയുടെ ഇടപാടുകളാണ് നടന്നത്. കൂടുതല്‍ അന്വേഷണത്തില്‍ 8000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തരമായി ഹീരാ ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
2010 ലായിരുന്നു ഹൈദരാബാദ് വിവേക്നഗര്‍ ആസ്ഥാനമായി ഹീരാകാപ്പിറ്റല് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. വിവിധ മേഖലകളിലായി 20 ലേറെ സ്ഥാപനങ്ങളും ഇവര്‍ക്കുണ്ട്. അലീമ ഷെയ്ഖ് നൗഹീറയായിരുന്നു സ്ഥാപകയെന്നാണറിയുന്നത്. മുബാറക്ക് ജന്ഷെയ്ഖ്, ഖമര്‍ ജഹാന് ഷെയ്ഖ്, നഹീന ഷെയ്ഖ്, മുഹമ്മദ് അഷ്റഫ് ഷെയ്ഖ് എന്നിവരായിരുന്നു ഡയറക്ടര്‍മാര്‍.