ബുവാനസ്ഐറിസ്: ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പലരേയും സന്തോഷിപ്പിക്കുമെന്ന് അർജന്റൈൻ സ്ട്രൈക്കർ ഗോണ്‍സാലോ ഹിഗ്വെയ്ൻ. നേടിയ ഗോളുകളിലൂടെ ആയിരിക്കില്ല നഷ്ടപ്പെടുത്തിയ ഗോളുകളിലൂടെ ആയിരിക്കും തന്നെ ആളുകൾ ഓർമിക്കുക എന്നും ഹിഗ്വെയ്ൻ പറഞ്ഞു. ഫോക്സ് സ്പോർ ട്സിന് നൽകിയ അഭിമുഖത്തിലാണ് ഹിഗ്വെയ്ൻ ഇക്കാര്യം പറഞ്ഞത്.
നിങ്ങൾ ആരെയെങ്കിലും കഠിനമായി വിമർശിക്കുന്നെങ്കിൽ അത് എല്ലാവരെയും വേദനിപ്പിക്കും. തന്റെ കുടുംബം എന്തുമാത്രം സഹിച്ചു എന്ന് കണ്ടതാണ്. എന്നിട്ടും താൻ തന്റെ എല്ലാം ദേശീയ ടീമിനുവേണ്ടി നൽകി.
നമ്മുടെ ദേശീയ ടീം ലക്ഷ്യം നേടിയിട്ടില്ല. എന്നാൽ ആളുകൾ പരാജയങ്ങളെ സംബന്ധിച്ച് വളരെ കഠിനമായാണ് സംസാരിക്കുന്നതെന്നും ഹിഗ്വെയ്ൻ പറഞ്ഞു. ടീമിൽ ഉണ്ടാകുമോ എന്ന് ആലോചിച്ച് ഇനി നിങ്ങൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
2009 ൽ അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഹിഗ്വെയ്ൻ 75 മത്സരങ്ങളിൽ നിന്ന് 31 ഗോൾ നേടി. 2010, 2014, 2018 ലോകകപ്പുകളിൽ കളിച്ചു. 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും 2014 ലോകകപ്പ് ഫൈനലിലും ഗോൾ അവസരം നഷ്ടപ്പെടുത്തി ടീമിന്റെ തോൽവിക്ക് കാരണക്കാരനായെന്ന് വിമർശനം ഉയർന്നിരുന്നു. റഷ്യൻ ലോകകപ്പിൽ നൈജീരിയയ്ക്കെതിരായ മത്സരത്തിനുശേഷം ദേശീയ ടീമിലെത്താൻ ഹിഗ്വെയ്നു കഴിഞ്ഞില്ല.
മുപ്പത്തൊന്നുകാരനായ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്കുവേണ്ടി ലോണ്‍ വ്യവസ്ഥയിലാണ് കളിക്കുന്നത്. റയൽ മാഡ്രിഡ്, നാപോളി, യുവന്റസ്, എസി മിലാൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ”