ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം.
ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്‍ക്കില്‍ കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്.
ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു.
ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.
ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനം തന്നെയാണ് ഹെയ്ദിയുടെ ജീവിത കഥ. തനിക്ക് നേരിടേണ്ടി വന്ന വെല്ലു വിളികള്‍ ഒരു പ്രമുഖ ചാനലിനോടു തുറന്നു പറഞ്ഞിരിക്കുകയാണ് ഹെയ്ദി.
താന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് ഹെയ്ദി മനസിലാക്കുന്നതിന് മുമ്പേ അക്കാര്യം നാട്ടുകാര്‍ മനസിലാക്കിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരും കൂട്ടു കൂടിയില്ല. എന്നാല്‍ ഇതേ ആള്‍ക്കാര്‍ തന്നെ കമ്പയിന്‍ സ്റ്റഡി എന്ന് പറഞ്ഞു വിളിച്ചു വരുത്തി നേരം വെളുക്കും വരെ ലൈഗിംകമായി ഉപദ്രവിച്ചു.
അടുത്ത ബന്ധു ആയ ഒരാള്‍ ആണാണോ പെണ്ണാണോ എന്നറിയാന്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചു മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ഹെയ്ദ പറയുന്നു. കോളേജിലും ഈ സ്ഥിതി തുടര്‍ന്നപ്പോള്‍ പാതി വെച്ച് പഠിത്തം നിര്‍ത്തേണ്ടി വന്നു.
തന്റെ ആണ്‍ ശരീരത്തിനുള്ളില്‍ ഉള്ള പെണ്‍ സത്വത്തെ വീട്ടുകാരും നാട്ടുകാരും അംഗീകരിക്കില്ല എന്ന് മനസിലാക്കിയപ്പോള്‍ ആണ് മലപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നത്. അവിടെ വെച്ചാണ് ഭിക്ഷ എടുക്കേണ്ടി വന്നത്.
ശാസ്ത്രക്രിയക്കുള്ള പണം വാഗ്ദാനം ചെയ്ത് അവര്‍ തന്നെ ഉപയോഗിക്കുക ആയിരുന്നു. അങ്ങനെയാണ് അവിടെ നിന്നും ഡല്‍ഹിലേക്ക് യാത്ര തിരിക്കുന്നത്. അവിടെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു. അവിടെ ജോലി ചെയ്താണ് പിന്നീട് ശാസ്ത്രക്രിയക്കുള്ള പണം കണ്ടെത്തുന്നത്.
അങ്ങനെ ബാംഗ്ലൂരില്‍ എത്തി സര്‍ജറി ചെയ്തു. അതിനു ശേഷം ഒരു പെണ്ണായി ജീവിക്കാന്‍ തുടങ്ങി. കുറച്ചു നാള്‍ അവിടെ പല പല ജോലി ചെയ്തു ജീവിച്ചു. പിന്നീട് പഠിക്കാന്‍ ആഗ്രഹം തോന്നി അങ്ങനെ നാട്ടിലെത്തി ഡിഗ്രി എടുത്തു.
കോഴ്‌സ് കഴിഞ്ഞു ഇന്റേണ്‍ഷിപ്പിന് പോയ കോളേജില്‍ തന്നെ ജോലിയും കിട്ടി. തന്നെ അപമാനിച്ച അതേ നാട്ടുകാര്‍ തന്നെ അതിഥിയായി ഇന്ന് സ്വീകരിക്കുന്നു. ഇതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് ഹെയ്ദി സാദിയ പറയുന്നു.