ഇത്രയും പ്രായമായില്ലെ ഇനി എവിടെയെങ്കിലും അടങ്ങി ഒന്ന് ഇരുന്നൂടെ എന്നു പ്രായമായവരോടു പലരും ചോദിക്കാറുണ്ട്.
പ്രായമാകുന്തോറും സ്വന്തം കാര്യങ്ങൾ ചെയ്യാനോ നടക്കാൻ പോകാനോ പറ്റാതെ ബുദ്ധിമുട്ടുന്നതു നമ്മൾ കാണാറുണ്ട്.
എന്നാൽ, പ്രായമൊക്കെ വെറും നന്പറല്ലേ എന്ന ഭാവത്തിലാണ് ഒരു ഭർത്താവ് ആൽബെർട്ടയിലെ ബ്രിട്നി എന്ന ഡിസൈനറുടെ ഹെയർ ഡിസൈൻ സ്ഥാപനത്തിലെത്തിയത്.
സലൂണിലെ വിദ്യാർഥി!
ഈ പ്രായത്തിൽ ഇനി ഹെയർ ഡിസൈൻ പഠിക്കാനാണോ സലൂണിൽ എത്തിയതെന്നു കളിയാക്കേണ്ട.
അതിനു വേണ്ടിത്തന്നെയാണ് എത്തിയിരിക്കുന്നത്. പക്ഷേ, സ്വയം ചെയ്യാനോ സ്ഥാപനം നടത്താനോ വേണ്ടിയല്ല.
തന്റെ ഭാര്യയ്ക്കു വേണ്ടിയാണ് അദ്ദേഹത്തിന്റെ ഈ സാഹസം. പ്രായമായതോടെ ഭാര്യയ്ക്കു സ്വയം മുടി ചുരുട്ടാൻ സാധിക്കുന്നില്ല.
ചെയ്യുന്പോൾ അവരുടെ ശരീരം പൊള്ളുകയും മുടി കത്തി പോകുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ദിവസവും കണ്ടാണ് ഭാര്യയെ സഹായിക്കാൻ ഭർത്താവ് തന്നെ രംഗത്തിറങ്ങിയത്.
അതുകൊണ്ടു സലൂണിൽ പോയി മുടി ചുരുട്ടുന്നതു പ്രഫഷണലായി പഠിക്കാനും തീരുമാനിച്ചു.
ഒരു പ്രഫഷണലിൽനിന്നു ചില ഉപദേശം തേടാനും തീരുമാനിച്ചു. സലൂണ് ഉടമ ബ്രിട്നി പങ്കുവച്ച ഫോട്ടോയും കുറിപ്പുമാണ് അപ്പൂപ്പനെ വൈറലാക്കിയത്.
നല്ല ഭർത്താവ്
“അദ്ദേഹത്തെ പഠിപ്പിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്! ചെറിയ മുടിയിൽ എങ്ങനെ ചെയ്യാമെന്നും ഭാര്യയുടെ ചർമം പൊള്ളാതിരിക്കാൻ എങ്ങനെ സംരക്ഷിക്കണമെന്നും ഭാര്യയ്ക്കു മസ്കാര എങ്ങനെ ഇട്ടുകൊടുക്കാമെന്നു പോലും ഞങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു- ബ്രിട്നി പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പോസ്റ്റിന് 1.38,000 ലൈക്കുകളും 24,000ൽ അധികം കമന്റുകളുമാണ് ലഭിച്ചത്. എന്തൊരു അദ്ഭുതകരമായ മനുഷ്യൻ! എനിക്ക് അത്തരത്തിലുള്ള ഒരു ഭർത്താവുണ്ടായിരുന്നു,
എന്റെ കൈയിൽ ശസ്ത്രക്രിയ നടത്തിയപ്പോൾ എനിക്കു ചെയ്യാൻ കഴിയാത്തതിനാൽ പതിവായി എന്റെ മുടി ചുരുട്ടിയിരുന്നത് അദ്ദേഹമാണ്.
ഈ ദന്പതികൾ സന്തോഷമുള്ളവരായിരിക്കട്ടെ. സ്റ്റൈലിസ്റ്റിനെയും അഭിനന്ദിക്കണം അദ്ദേഹത്തെ പഠിപ്പിക്കാൻ സമയമെടുത്തതിനു നന്ദി.
നിങ്ങൾ വളരെ പ്രത്യേകവും സ്നേഹവുമുള്ള വ്യക്തിയാണ്… എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴേക്ക് ഒഴുകിയെത്തുന്നത്.