ഏലപ്പാറ: ഹെലിബെറിയ തേയില ഫാക്ടറിക്കു തീപിടിച്ചു കോടികളുടെ നഷ്ടം. ഇന്നലെ രാവിലെ എഴരയോടെയാണ് അഗ്നിബാധയുണ്ടായത്. ഫാക്ടറിയുടെ കുഴലിനോടു ചേര്ന്ന അടുപ്പില്നിന്നു തീ പടര്ന്നതാവാമെന്നാണ് പ്രാഥമിക നിഗമനം.ഫാക്ടറി പൂര്ണമായും കത്തിനശിച്ചു. ഇരുപതു തൊഴിലാളികള് തീ പടരുന്ന സമയത്തു ഫാക്ടറിയില് ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ ഉയരുന്നതു കണ്ട തൊഴിലാളികള് തീയണയ്ക്കാന് ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല.
തീ പടരുന്നതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങള് ഫാക്ടറിയില് ഉണ്ടായിരുന്നില്ല. പിന്നീടു പീരുമേട് അഗ്നിശമനസേന എത്തി തീ നിയന്ത്രിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്ന്നു കാഞ്ഞിരപ്പള്ളി, കട്ടപ്പന, മൂലമറ്റം എന്നിവിടങ്ങളില്നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകളെത്തി മണിക്കൂറുകള് നീണ്ട പരിശ്രമത്തിലൂടെയാണു തീ അണച്ചത്. പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു.
തീപടര്ന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര് സമീപപ്രദേശങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഫാക്ടറിയിലെ ഉപകരണങ്ങളും ലക്ഷക്കണക്കിനു രൂപയുടെ തേയിലയും കത്തിനശിച്ചു. ഫാക്ടറിയിലേക്കുള്ള വഴി ഇടുങ്ങിയതായതിനാല് അഗ്നിശമനസേനയ്ക്ക് ഇവിടേക്ക് എത്തിച്ചേരാന് ബുദ്ധിമുട്ടു നേരിട്ടു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. കുറേക്കാലമായി പൂട്ടിക്കിടന്ന ഫാക്ടറി ഒരു വര്ഷമേ ആയിട്ടുള്ളൂ തുറന്നു പ്രവര്ത്തിക്കാന് തുടങ്ങിയിട്ട്.